ലോകത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലില്‍ ശക്തിപ്രാപിക്കുന്നു

ടോക്കിയോ. ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലില്‍ രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. ഈ ചുഴലിക്കാറ്റ് ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയു ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഹിന്നനോര്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.

ഈ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ കിഴക്കന്‍ തീരങ്ങളെയാകും ചുഴലിക്കാറ്റ് ബാധിക്കുക. ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതോടെ 15 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുവാന്‍ സാധ്യതയുണ്ട്.

നിലവില്‍ ജപ്പാനിലെ ഒകിനാവയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് തെക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് ജപ്പാന്‍ കലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തര സാഹചര്യത്തിന് കരുതിയിരിക്കുവനാണ് മുന്നറിയിപ്പ്. അതേസമയം അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി ശാന്തമാണ്. 25 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. വരും ദിവസങ്ങളില്‍ കാറ്റിന് വേഗത കുറയും. യുഎസ്എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥ വിഭാഗവും ചേര്‍ന്നാണ് ഹിന്നനോര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.