ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് യു പി മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നു യു പി മുഖ്യമന്ത്രി. അദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ഐസൊലേഷനില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യോഗി ആദിത്യനാഥിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ യു പി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. താന്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ച കാര്യവും ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് അറിയിച്ചത്.

‘ഞാനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സ്വയം ഐസലേറ്റ് ചെയ്യുകയാണ്. എല്ലാ ജോലികളും ഡിജിറ്റല്‍ രീതിയില്‍ പൂര്‍ത്തിയാക്കും’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം സജീവമായിരുന്നു യോഗി ആദിത്യനാഥ്. ഈ മാസം ആദ്യം അദ്ദേഹം കോവിഡ് വാക്സിന്‍റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.