സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍; പിന്നില്‍ പന്ത്രണ്ടംഗ സംഘം

തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പിടിയിലായി. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സ്വര്‍ണ്ണം കവര്‍ന്നതിന് പിന്നില്‍ 12 അംഗ സംഘമാണെന്ന് പോലീസ് അറിയിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ആഭരണങ്ങള്‍ നിര്‍മ്മിച്ച് ജ്വല്ലറികള്‍ക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

അറസ്റ്റിലായ പ്രതികളെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതികള്‍ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പ്രതികളെ പോലീസ് പിടികൂടുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം കവര്‍ച്ച നടന്നത്. സമ്പത്ത് സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം കവര്‍ച്ചാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വര്‍ണം കവരുകയുമായിരുന്നു. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. വെട്ടുകത്തിവച്ച് കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത ശേഷം കണ്ണില്‍ മുകളുപൊടി എറിയുകയായിരുന്നു.