ഹണിമൂൺ യാത്രയ്‌ക്കിടെ യുവാവിന് ഹൃദയാഘാതം, ഭർത്താവിന്റെ മരണം താങ്ങാനാകാതെ നവവധു ജീവനൊടുക്കി

ന്യൂഡൽഹി : ഹണിമൂൺ യാത്രയ്‌ക്കിടെ യുവാവിന് ഹൃദയാഘാതം മരണപ്പെട്ടതിന് പിന്നാലെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവർക്കാണ് ദാരുണമായ അന്ത്യം ഉണ്ടായത്. അഭിഷേകും അഞ്ജലിയും നവംബർ 30നാണ് വിവാഹിതരായത്.

പിന്നാലെ മധുവിധുവിനായി ഡൽഹിയിൽ എത്തി. മൃഗശാല സന്ദർശിക്കുന്നതിനിടയിലാണ് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും യുവാവിനെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗാസിയാബാദ് വൈശാലിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.