ഓക്സിജൻ ലെവൽ 60 യിൽ എത്തി നിൽക്കുന്ന ഏറ്റവും അപകടം പിടിച്ച അവസ്ഥയിൽ ആണ് അമ്മ എന്നത് ഞാൻ ഞെട്ടലോടെ ആണ് അറിഞ്ഞത്, കുറിപ്പ്

മരണം കന്മുന്നിൽ കണ്ടശേഷം ജീവിതത്തിലേക്ക് തന്റെ പ്രിയപ്പെട്ട അമ്മ തിരിച്ചെത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് സൗമ്യ ചന്ദ്രശേഖരൻ. ഓക്സിജൻ ലെവൽ 60 യിൽ എത്തി നിൽക്കുന്ന ഏറ്റവും അപകടം പിടിച്ച അവസ്ഥയിൽ ആണ് അമ്മ എന്നത് ഞാൻ ഞെട്ടലോടെ ആണ് അറിഞ്ഞതതെന്ന് സൗമ്യ പറയുന്നു. അപ്പോൾ തന്നെ അമ്മയെ വെന്റിലേറ്റർ ICU വിലേക്കു മാറ്റി. രാത്രി എനിക്ക് അവിടെ നിന്നു പോകാൻ കഴിയുമായിരുന്നില്ല. അമ്മയുടെ ചെരുപ്പുകൾ നെഞ്ചിലേക്ക് ചേർത്ത് വെച്ച നേരം നിയന്ത്രിക്കാൻ ആവാതെ ഞാൻ കരഞ്ഞു പോയി.. പിന്നീടുള്ള നിമിഷങ്ങളിൽ എനിക്ക് പാതി ബോധമേ ഉണ്ടായിരുന്നുള്ളുവെന്ന് സൗമൃ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ, അതിജീവനത്തിന്റെ നാളുകൾ, മരണത്തിന്റെ തൊട്ടു മുന്നിൽ നിൽക്കുന്നത് പോലെ ആയിരുന്നു അപ്പോൾ ഞാൻ. മറ്റുള്ളവർ പറയുന്നതൊന്നും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആരൊക്കെയാണ് വിളിക്കുന്നത് എന്നും, പറയുന്നത് എന്നും എനിക്ക് വ്യക്തമായിരുന്നില്ല. ജീവിതം പൂർണ്ണമായും അവസാനിക്കുന്നതുപോലെ. ചുറ്റിനും ഇരുട്ട് വന്നു നിറയുന്നു എന്നും തോന്നി.ആലപ്പുഴയിലെ വീട്ടിൽ മക്കളുടെ കുസൃതിത്തരങ്ങൾ കണ്ടിരിക്കുന്നതിനിടയിൽ ആണ് ഇടുക്കിയിലെ എന്റെ വീട്ടിൽ നിന്നും ആ ഫോൺ വന്നത്. ” അമ്മക്ക് കോവിഡ് ആണ്, ശ്വാസതടസമുണ്ട്, ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്” എന്ന്.ഇത്രയും കേട്ടപ്പോൾ തന്നെ കാല് കുഴയുന്നത് പോലെ തോന്നി. അമ്മയെ കണ്ടിട്ട് കുറച്ചു നാളായി. ചെറിയ ചെറിയ അസുഖങ്ങൾ ഉണ്ട്. ഒരാഴ്ച്ചയായി പനിയും ഉണ്ടായിരുന്നു. നെഞ്ചിനുള്ളിൽ ഒരു മിന്നൽ പിടഞ്ഞു. ‘ആശുപത്രിയിൽ എത്തിയിട്ട് എന്നെ വിളിക്കണേ’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോൺ വെച്ചത്. പിന്നീട് അവിടെ നിന്നും വിളി വരുന്നത് വരെയുള്ള സമയത്ത് വല്ലാതെ വേഗത കുറഞ്ഞതായി അനുഭവപ്പെട്ടു.

പൈനാവ് മെഡിക്കൽ കോളേജിൽ എത്തി ഒരു ദിവസത്തിനു ശേഷം അമ്മക്ക് കുറച്ചു കൂടുതൽ ആണെന്നും ന്യൂമോണിയ ഉണ്ടെന്നും ഡോക്ടർ പറഞ്ഞത് അച്ഛൻ എന്നോട് പറയുമ്പോൾ എന്റെ കാലുകൾ തളരുകയായിരുന്നു. വൈറസിന്റെ പിടി മുറുക്കത്തോടൊപ്പം അമ്മയുടെ ശരീരത്തിൽ ന്യൂമോണിയകൂടി ഉണ്ടെന്നറിഞ്ഞപ്പോൾ ഭയം എന്നെ കൊളുത്തിട്ടു മുറുക്കി. എന്റെ നാവ് വരണ്ടു. തിരിച്ചെന്തു പറയണം എന്നറിയാതെ നിൽക്കെ എവിടേയ്ക്ക്? എങ്ങനെ? എന്ന ചോദ്യം ഒരു മലപോലെ മുന്നിൽ വന്നു നിന്നു. മനസ്സിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഖങ്ങൾ പരതി. അച്ഛന്റെ സംസാരത്തിൽ വല്ലാത്ത ഒരു പതർച്ച എനിക്ക് അനുഭവപ്പെട്ടു. കുറച്ച് കൂടി സൗകര്യമുള്ള മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകാൻ ആണ് ഡോക്ടർ പറഞ്ഞതെന്നും പറഞ്ഞു. ഞാൻ ഡോക്ടറോട് ഫോണിൽ സംസാരിച്ചപ്പോൾ ICU ആംബുലൻസും ICU ബെഡും ഉറപ്പാക്കുക എന്ന നിർദ്ദേശം ആണ് കിട്ടയത്. ഇപ്പോഴത്തെ അവസ്ഥയിൽ ഷിഫ്റ്റ്‌ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. പിന്നീട് ആണെങ്കിൽ ചിലപ്പോൾ പറയാൻ പറ്റില്ല എന്നും. ഏറ്റവും ആദ്യം Ancy ചേച്ചിയെ തന്നെ വിളിച്ചു. ചേച്ചി അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാം, അവിടെ എന്റെ ഒരു സുഹൃത്ത്‌ ഉണ്ട് ബെഡ് അവൈലബിൾ ആണോ എന്ന് തിരക്കാം എന്ന് പറഞ്ഞു വെച്ചു.

ഇതിനിടയിൽ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ഹോസ്പിറ്റലുകളിൽ വിളിക്കുകയുണ്ടായി. ഒരിടത്തും ബെഡ് അവൈലബിൾ അല്ല എന്ന മറുപടിയാണ് ലഭിച്ചത്. മറ്റൊരിടത്തു സംസാരിച്ചപ്പോൾ ആദ്യം 2 ലക്ഷം രൂപ കെട്ടിവെക്കണം. പിന്നെ റൂം വാടക 9650 രൂപ ഒരു ദിവസം ആകും എന്നും മരുന്നിന്റെ ചിലവുകൾ വേറെ എന്ന മറുപടി ആണ് ലഭിച്ചത്. സംസാരം വീണ്ടും പാക്കേജ് ന്റെ ഡീറ്റെയിൽസ് ലോട്ട് പോയപ്പോൾ അതൊന്നും കുഴപ്പമില്ല എങ്ങനെ എങ്കിലും ഇപ്പോൾ തന്നെ ICU ആംബുലൻസ് വിട്ടു തരൂ. എത്രയും വേഗം അമ്മയെ അവിടെ എത്തിക്കൂ എന്ന് ഞാൻ വളരെ ദയനീയമായി പറഞ്ഞതൊന്നും അവർ ശ്രദ്ധിച്ചതേ ഇല്ലഎന്ന് തോന്നി. അപ്പോഴും അവർ ഞങ്ങൾക്ക് ഇത്രയും രൂപ അടയ്ക്കാൻ ഉള്ള കഴിവുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. അതിന് ശേഷം അവിടുത്തെ ഡോക്ടർന്റെ നമ്പർ എനിക്ക് തന്നു. ഞാൻ സംസാരിച്ചു വിവരങ്ങൾ പറഞ്ഞു. ഇടുക്കിയിലെ ഡോക്ടർനോട് സംസാരിക്കണം എന്ന് അദ്ദേഹം പറഞ്ഞു . നമ്പർ തരട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നെ ഇങ്ങോട് വിളിക്കൂ എന്ന മറുപടി ആണ് കിട്ടിയത്. അവർ തമ്മിൽ സംസാരിച്ചതിന് ശേഷം ആ ഡോക്ടർ എന്നെ വിളിച്ചിട്ട് എന്തായാലും നാളെ രാവിലെ രോഗിയെ മാറ്റാം ഇപ്പൊ വന്നു കഴിഞ്ഞാൽ സ്വീകരിക്കാനുള്ള ടീം ഉണ്ടാകില്ല എന്ന മറുപടി ആണ് കിട്ടിയത്. അത്രയ്ക്ക് എമർജൻസി ആണെങ്കിലേ രാത്രിയിൽ ഡ്യൂട്ടിക്ക് അനസ്ഥേഷ്യസ്റ്റ് വരുകയൊള്ളു എന്നും.

‘സർ അപ്പോൾ ഇത് എമർജൻസി അല്ലെ’ എന്ന് ചോദിച്ചപ്പോൾ പക്ഷെ കോവിഡ് അല്ലെ, എന്ന് മറുചോദ്യം.നാളെ അമ്മയെ അഡ്മിറ്റ് ആക്കിയാലും രാത്രി ഒരു എമർജൻസി വന്നാൽ നോക്കാൻ ആളുണ്ടാവില്ലേ എന്ന് ചോദിച്ചപ്പോൾ ഉത്തരമില്ല.മെഡിക്കൽ കോളേജിൽ ജോലി ചെയുന്ന ഡോക്ടറും അതിനെല്ലാം ഉപരി എന്റെ nephew യുമായ Aswinനും പിന്നെ പ്രിയ സഖാവ് Jeevan നും മെഡിക്കൽ കോളേജിലെ Doctors നോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് തന്നെ കൊണ്ടുവരാൻ തീരുമാനിക്കുന്നു.
അച്ഛൻ ആംബുലൻസുമായി ഇടുക്കിയിൽ നിന്ന് പുറപ്പെടുന്ന അതേ സമയത്ത് ഞാൻ ആലപ്പുഴയിൽ നിന്നും പുറപ്പെട്ടു. ഇടുക്കിയുടെ മലചെരുവിലൂടെ അമ്മയെയും കൊണ്ട് വരുന്ന ആ ആംബുലൻസിന്റെ ശബ്ദം എന്റെ നെഞ്ചിനുള്ളിൽ പോലും മുഴങ്ങുന്നുണ്ടായിരുന്നു. ദൂരവും സമയവും എന്നിൽ നിന്നും മാഞ്ഞുപോയിരുന്നു. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്തുക എന്ന വിചാരത്താൽ കാറിനേക്കാൾ വേഗത്തിൽ എന്റെ മനസ്സ് കുതിച്ചു . എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ചെന്നപ്പോൾ അശ്വിനും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അമ്മ വന്നപ്പോഴേക്കുമുള്ള അവസ്ഥ ആലോചിക്കാൻ കഴിയുന്നില്ല. ഞാൻ പരിസരം മറന്നു. ഓടി അടുത്തു ചെന്നു. നെറ്റിയിൽ തടവി.

കയ്യിൽ മുറുകെ പിടിച്ചു. അപകടംപിടിച്ച വയറസിനെ ഒക്കെ ആ നിമിഷം ഞാൻ മറന്നുപോയി. കുറച്ചു സമയം എനിക്ക് എന്റെ അമ്മയുടെ അടുത്ത് നിൽക്കാൻ കഴിഞ്ഞു. ഓക്സിജൻ ലെവൽ 60 യിൽ എത്തി നിൽക്കുന്ന ഏറ്റവും അപകടം പിടിച്ച അവസ്ഥയിൽ ആണ് അമ്മ എന്നത് ഞാൻ ഞെട്ടലോടെ ആണ് അറിഞ്ഞത്. അപ്പോൾ തന്നെ അമ്മയെ വെന്റിലേറ്റർ ICU വിലേക്കു മാറ്റി. രാത്രി എനിക്ക് അവിടെ നിന്നു പോകാൻ കഴിയുമായിരുന്നില്ല. അമ്മയുടെ ചെരുപ്പുകൾ നെഞ്ചിലേക്ക് ചേർത്ത് വെച്ച നേരം നിയന്ത്രിക്കാൻ ആവാതെ ഞാൻ കരഞ്ഞു പോയി.. പിന്നീടുള്ള നിമിഷങ്ങളിൽ എനിക്ക് പാതി ബോധമേ ഉണ്ടായിരുന്നുള്ളു. ബന്ധുക്കളുടെ വരവും അവരുടെ സാമിപ്യവും ആശ്വാസം പകർന്നു.അടുത്ത ദിവസം കുറച്ചു കൂടുതൽ ആണ് എന്ന് അറിയാൻ കഴിഞ്ഞു. അതോടെ മനസ്സിന്റെ എല്ലാ നിയന്ത്രണവും നഷ്ട്ടപെട്ടു. മാറി ഇരുന്നു കരയുന്ന അച്ഛനെ ഒന്നാശ്വസിപ്പിക്കാൻ പോലും ആവാതെ ഞാൻ തളർന്നു നിന്നു . എന്നാൽ എന്നെയും അച്ഛനെയും ആശ്വസിപ്പിക്കാൻ ഭർത്താവ് അടുത്ത് തന്നെ ഉണ്ടായിരുന്നു. റഷ്യ യിൽ ഉള്ള അനിയനോട് വേഗം പുറപ്പെടാൻ പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അനിയനും എത്തി. വല്ലാത്തൊരു ധൈര്യം ആയിരുന്നു അത് ഞങ്ങൾക്ക് രണ്ടുപേർക്കും.

വെന്റിലേറ്റർ മാസ്കിൽ തന്നെ കുറേ ദിവസങ്ങൾ തുടർന്നു. ശ്വാസതടസ്സം കുറയാത്തത് കൊണ്ട് ലെങ്സിൽ കെട്ടികിടക്കുന്ന ഫ്ലൂയിഡ് എടുത്തു കളയാൻ നോക്കും എന്ന് പറഞ്ഞിരുന്നു. എട്ടാം തിയതി രാത്രി അശ്വിൻ പറഞ്ഞു xray എടുത്തപ്പോൾ ഇത്തിരി കുറവ് കാണിക്കുന്നു എന്ന്. ഇത്രയും ദിവസത്തിനിടയിൽ ആദ്യമായി ഒരു പോസിറ്റീവ് സൈൻ ആയിരുന്നു അങ്ങനെ ഒരു വിവരം. അവിടെ നിന്നും ഓരോ ദിവസവും പതിയെ പതിയെ ആണെങ്കിലും ആശ്വാസമുള്ള വാർത്തകൾ ആയിരുന്നു വന്നത്. ഹോസ്പിറ്റലിന്റെ വരാന്തയിൽ നാലാം നിലയിലേക്ക് നോക്കി ഇരുന്ന ദിനങ്ങൾ. അശ്വിനും രാജലക്ഷ്മി സിസ്റ്റർ യും ഓരോ കാര്യങ്ങൾ തിരക്കി പറയുന്നത് കേൾക്കാൻ ഞാനും അച്ഛനും അനിയനും ഏട്ടനും കാത്തിരുന്നു.
12 ആം തിയതി വെന്റിലേറ്റർ ICU വിൽ നിന്ന് അമ്മയെ കോവിഡ് വാർഡ് ലേക്ക് മാറ്റി. അടുത്ത ദിവസം രക്ത പരിശോധനയിൽ രക്തം കട്ടപിടുക്കുന്നതായി കണ്ടതിനെ തുടർന്ന് ഒരു ഇൻജെക്ഷൻ സ്റ്റാർട്ട്‌ ചെയ്തതായി അറിയിച്ചു. കാത്തിരിപ്പിന്റെ ദിവസങ്ങൾ ഓരോന്നായി കടന്നു പോയി.

അങ്ങനെ ഇന്നലെ അമ്മയുടെ കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് ആയി. ഓക്സിജൻ ലെവൽ നോർമൽ ആയി വരുന്നു. കുറച്ചു ദിവസത്തിനകം എല്ലാം നോർമൽ ആയി തിരിച്ചു വീട്ടിലേക്ക് മടങ്ങാനാകും എന്ന് കരുതുന്നു.ഓരോ ദിവസവും ഞങ്ങൾ കോവിഡ് വാർഡിൽ എത്തുമ്പോൾ ഒരുപാട് വേദനിപ്പിക്കുന്ന കാഴ്ചകൾ സാക്ഷ്യം വഹിച്ചു . പ്രാർത്ഥനയോടെ എത്ര എത്ര മനുഷ്യർ ദിവസവും അവിടെ എത്തുന്നു.ഒരു ദിവസം ഹോസ്പിറ്റലിന്റെ മുന്നിൽ അമ്മയെ വിളിച്ചു നിലവിളിച്ചു കരയുന്ന ഒരു മകനെ ഞാൻ കണ്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപ് അതേ സ്ഥലത്തു തന്നെ ഇരുന്നു ഞാനും ഇതുപോലെ കരഞ്ഞത് എനിക്ക് ഓർമ്മയിൽ വന്നു. അവന്റെ അടുക്കൽ എത്തി ഒരു കുഴപ്പവും ഉണ്ടാകില്ല. ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് അമ്മയുള്ളത്. എല്ലാം ഭേദമായി തിരിച്ചു വരും എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് തെളിഞ്ഞ ആശ്വാസം ചെറുതായിരുന്നില്ല.

എത്ര എത്ര ആംബുലൻസ്കളാണ് ദിനവും കോവിഡ് രോഗികളുമായി ഇവിടെ വരുന്നത്. ഇവിടെ കൊണ്ടെത്തിക്കുന്നത് മുതൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ കണ്ട് അഭിമാനം കൊണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട്. എത്ര പറഞ്ഞാലും ജീവൻ പണയം വെച്ചുള്ള അവരുടെ സേവനങ്ങൾക്ക് പകരം വെക്കാനാവില്ല..ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും ഒക്കെയായി സാധാരണക്കാരന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന്റെ നേർസാക്ഷ്യം ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ എനിക്ക് അനുഭവിക്കനായത്‌. ഈ നാടും , ഇവിടുത്തെ സാധാരണ ജനങ്ങൾ സർക്കാരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഏറ്റവും ഭംഗിയായി നിറവേറ്റികൊണ്ടിരിക്കുമ്പോഴും തികഞ്ഞ ഉത്തരവാദിത്തോടെ സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ ഓരോരുത്തരോടും എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഒരു ഇടത് സഹയാത്രിക എന്ന നിലയിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ചു കൊണ്ട് മുന്നേറുന്ന പിണറായി സർക്കാരിൽ അങ്ങേയറ്റം അഭിമാനം എപ്പോഴും തോന്നിയിരുന്നു.

മനുഷ്യത്വം തീരെ ഇല്ലാത്ത ആതുരസേവനം കച്ചവടമാക്കിയവർക്കുള്ള മറുപടി തന്നെ ആണ് അത്യാധുനിക സൗകര്യങ്ങളോട് നമ്മുടെ ഗവർമെന്റ് ആശുപത്രികൾ. ‘എന്ത് പിണറായി സർക്കാർ’ ‘എന്ത് ശൈലജ ടീച്ചർ’ എന്ന് ചിന്തിച്ചു മാറി നിന്ന് കല്ലെറിയുന്നവരോട് ഒന്നേ പറയാൻ ഒള്ളു, നാം തന്നെയോ അല്ലെങ്കിൽ നമ്മുടെ ഏറ്റവും പ്രിയപെട്ടവരോ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ഘട്ടത്തിൽ മാത്രമേ നമ്മുടെ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ അങ്ങേയറ്റം ഗൗരവത്തോടെ ഓരോ മനുഷ്യജീവനും വേണ്ടി പോരാടുന്ന ഒരു കൂട്ടം മനുഷ്യരുടെ നന്മ അതേ അളവിൽ നമുക്ക് ഉൾകൊള്ളാൻ കഴിയുകയുള്ളു.ഇന്ന് ഞാൻ ഇത് എഴുതുമ്പോൾ എന്റെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അശ്വിൻ ഉൾപ്പെടെ പേര് പോലും വെളിപ്പെടുതാത്ത മറ്റു Doctors നോടും നഴ്സ്മാരോടും എങ്ങനെ കടപ്പെട്ടിരിക്കുന്നു എന്ന് പറയാൻ കഴിയുന്നില്ല.

എനിക്ക് ദൈവങ്ങളായി തോന്നുനത് നിങ്ങൾ ഓരോരുത്തരെയുമാണ്. ഒരുപാട് സീരിയസ് ആയിരുന്ന ദിവസങ്ങളിൽ ഒരു നിമിഷമെങ്കിലും ഞാൻ ഉറങ്ങിയപ്പോൾ ഉറങ്ങാതെ എന്റെ അമ്മക്ക് വേണ്ടി കാവലായി ഇരുന്നവർ.ഭക്ഷണം നിർബന്ധിച്ചു കഴിപ്പിച്ചപ്പോൾ, മാസ്ക് വലിച്ചു മാറ്റി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ഒക്കെ ഞങ്ങൾക്ക് വേണ്ടി അമ്മയെ ഏറ്റവും കരുതലോടെ പരിചരിച്ചവർ . PPT കിറ്റും ഇട്ടുകൊണ്ട് ആയിട്ട് പോലും എപ്പോ വേണമെങ്കിലും വിളിച്ചോ എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളോട് ഒരുപാട് നേരം സംസാരിച്ചാശ്വസിപ്പിച്ചു കൂടെ നിർത്തിയ ഇതുവരെ കാണാത്ത എന്റെ ദൈവങ്ങളെ എനിക്ക് അറിയില്ല എങ്ങനെ നന്ദി പറയണം എന്ന് പോലും.

സ്നേഹംകൊണ്ട് ചേർത്ത് പിടിച്ചു ധൈര്യം തന്ന എന്റെ പ്രിയപ്പെട്ടവർ. ജീവൻ സഖാവേ…. ഇത്രയധികം തിരക്കിനിടയിലും അമ്മയെ ഇവിടെ എത്തിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തും അതിന് ശേഷവും എന്റെ അച്ഛനോട് പോലും സംസാരിച്ചു ആശ്വസിപ്പിച്ചു കൂടെ നിന്നു… അശ്വിൻ മോനെ, ജിനി ചേച്ചി, രാജലക്ഷ്മി ചേച്ചി Geetha ചേച്ചി എനിക്ക് അറിയില്ല എങ്ങനെ നന്ദി പറയണം എന്ന് പോലും. Jyothis മാഷേ, ഒരനിയത്തിയെ പോലെ ഏറ്റവും വേണ്ട സമയത്തും കൂടെ നിർത്തി. ആ വാക്കുകൾ തന്ന ധൈര്യം ചെറുതൊന്നും ആയിരുന്നില്ല.വിവരം അറിഞ്ഞപ്പോൾ തന്നെ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു ഹോസ്പിറ്റലിൽ എത്തിയ സഹോദരങ്ങൾ, എത്ര രൂപ വേണമെങ്കിലും മുടക്കാം എവിടെ വേണമെങ്കിലും കൊണ്ടുപോകാം എന്ന് പറഞ്ഞു അച്ഛനോടൊപ്പം നിന്ന Anil ച്ചേട്ടൻ, വിവരം അറിഞ്ഞപ്പോൾ തന്നെ ഓടി വന്ന Santhoshചേട്ടൻ,ശ്രീകുട്ടൻ , ദിലീപ് ചേട്ടൻ, മനോജ്‌ ചേട്ടൻ ഇവരൊക്കെയും ആശുപത്രി വരാന്തയിൽ മാറി നിന്ന് കരഞ്ഞപ്പോൾ കൂടെയുണ്ട് എന്ന് പറഞ്ഞു ആശ്വസിപ്പിച്ച ധൈര്യത്തിന് ഒരിക്കലും വിലയിടനാവില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ടവർ,എന്റെ അമ്മക്ക് വേണ്ടി പേരും നാളും ചോദിച്ച് വഴിപാട് നടത്തിയ പ്രിയപ്പെട്ടവൾ Gayathri മിസ്സ്‌ , Lalitha ആന്റി, എപ്പോഴും വിളിച്ചു വിവരങ്ങൾ തിരക്കിയ പ്രിയ സഖാവ് Vipin, K G Suraj സഖാവ്, ജഗദീഷ് sir, Dhanya ടീച്ചർ , Neetu , അരുൺ സർ, Binu Paul സർ, Sarath M S സഖാവ്…, FrLinto Lazzer അച്ഛൻ, Siby അച്ഛൻ…പേര് എടുത്തു പറഞ്ഞാൽ തീരില്ല അത്രയധികം മെസ്സേജ്കൾ കൊണ്ട് നിറഞ്ഞിരുന്നു ഈ ദിവസങ്ങളിൽ എന്റെ ഫോൺ.ഒരുപാട് നന്ദി ഒറ്റക്കല്ല എന്ന തിരിച്ചറിവ് ജീവിതത്തിൽ ഉണ്ടാക്കി തന്നതിന്.

ഞാനുണ്ട് കൂടെ, ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ട്, ഒന്നും വരില്ല സങ്കടപെടാതെ എന്ന വാക്കുകൾക്കൊക്കെയും ഇത്രയും ശക്തിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു കടന്നുപോയത്.അങ്ങനെ എത്ര എത്ര നന്മയുടെ മുഖങ്ങൾ കാണാനായി ഇവിടെ വന്നതിനു ശേഷം. ഏറ്റവും വിഷമം അനുഭവിക്കുന്ന ഘട്ടത്തിലും രോഗികൾക്കും കൂട്ടിയിരുപ്പു കാർക്കും ആശ്വാസമായി ഭക്ഷണം നൽകുന്ന DYFI യിലെ സഖാക്കൾ, നവജീവൻ ട്രസ്റ്റ്‌ ന്റെ ഭാരവാഹികൾ ഈ കോവിഡ് കാലത്തും കേരള ജനത ഒറ്റകെട്ടാണ് എന്നുള്ളതിന്റെ തെളിവാണ് ഓരോ കാഴ്ചകളും ഇന്ന് ഈ ആശുപത്രിയിൽ അമ്മയെ കാണാൻ കാത്തിരുന്നിട്ട് ഇരുപത് ദിവസത്തോളം ആയി. വീട്ടിലുള്ള അഞ്ചും മൂന്നും വയസ്സുള്ള എന്റെ മക്കളെ പോലും ഞാൻ മറന്നു പോയിരുന്നു.

ഈ അനുഭവങ്ങളുടെ ഒക്കെ വെളിച്ചത്തിൽ പറയുകയാണ് കോവിഡ് ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്. അമ്മ ഒക്ടോബർ 27 നു പനിയുമായി വീടിനടുത്തുള്ള ഹോസ്പിറ്റലിൽ എത്തിയതാണ് എന്നാൽ ടെസ്റ്റ്‌ ചെയ്യാതെ മരുന്ന് നൽകി വിട്ടു. വീണ്ടും 29 നു ചെന്നപ്പോഴും ടെസ്റ്റ്‌ ചെയ്തിരുന്നില്ല. ഡോക്ടർ പറയാത്തത് കൊണ്ടും അമ്മ അങ്ങനെ പുറത്തിറങ്ങിയിരുന്നില്ല എന്നത് കൊണ്ടുമൊക്കെ ആവാം അത്രത്തോളം പ്രാധാന്യം കൊടുത്തില്ല. നവംബർ രണ്ടാം തിയതി രോഗം ഒരുപാട് കൂടിയപ്പോൾ ആണ് ടെസ്റ്റ്‌ ചെയ്തതും കോവിഡ് ആണ് എന്ന് അരിഞ്ഞതും. അതുകൊണ്ട് കോവിഡ് നിസ്സാരമായി കരുതരുത്. അത്രയ്ക്ക് വിഷമം പിടിച്ച ദിവസങ്ങൾ ആയിരുന്നു ജീവിതത്തിൽ കടന്നു പോയത്. മറ്റേത് രോഗം പോലെയും അല്ല നമ്മുടെ പ്രിയപ്പെട്ടവരെ ഒന്ന് കാണണോ അവരുടെ വിരൽ തുമ്പിൽ പോലും ഒന്ന് തൊടാനോ ആവാതെയുള്ള ആ നിസ്സഹായത അനുഭവിച്ചാൽ മാത്രമേ അറിയുകയുള്ളു. ഇടയ്ക്കൊക്കെ കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ ബോഡി പൊതിഞ്ഞു കെട്ടി ഉറ്റവർ കൂടെ ഇല്ലാതെ ആശുപത്രി അധികൃതർ കൊണ്ടുപോകുന്ന കാഴ്ച്ച കണ്ട് എന്റെ മനസ്സ് കലങ്ങി പോയിട്ടുണ്ട്.ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ എന്ന് പറയുന്നത് നമ്മുടെ പ്രിയപ്പെട്ടവരൊക്കെ നമ്മോടൊപ്പം ഉണ്ടാകുന്ന നിമിഷമാണ്. അതിനേക്കാൾ വലുതായി ഒന്നുമില്ല. തീ തിന്നു തീർത്ത കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് മോചനം ലഭിച്ചപ്പോൾ സ്നേഹത്തിന്റെ നനുത്ത കാറ്റ് ഹൃദയത്തെവന്ന് പൊതിയുന്നത് ഞാൻ അറിയുന്നു. ഇന്ന് ഈ മഹാവയറസ്സ് ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടു പോകാനായി ഞാനും ഉള്ളുരുകി പ്രാർത്ഥിക്കുന്നു.