മലർ മിസ്സ് ആകേണ്ടിയിരുന്നത് അസിൻ, തുറന്നുപറഞ്ഞ് അൽഫോൺസ് പുത്രൻ

കേരളത്തിലെ ക്യാംപസുകളെ ഹരംകൊള്ളിച്ച സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പഠമായിരുന്നു നിവിൻ പോളി നായകനായെത്തിയ പ്രേമം. അൽഫോൺസ് പുത്രനാണ് പ്രേമം സംവിധാനം ചെയ്തത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങിയവർ തകർത്തഭിനയിച്ച സിനിമ തിയറ്ററുകളിൽ നിന്ന് വൻ കളക്ഷൻ കൊയ്തു.

2015 മെയ് 29നാണ് അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിൻ പോളി നായകനായെത്തിയ ചിത്രം ജോർജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്.സെൻസർ കോപ്പി ലീക് ചെയ്തത് ഉൾപ്പടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

മലർ എന്ന കഥാപാത്രം മലയാളി പെൺകുട്ടിയായിരുന്നെങ്കിൽ എങ്ങനെ ആയേനെ?’ എന്നായിരുന്നു അൽഫോൺസിനോടുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, തിരക്കഥ എഴുതുന്ന ആദ്യ ഘട്ടത്തിൽ ആ കഥാപാത്രം മലയാളിയായിരുന്നുവെന്നും അസിനെയാണ് മലർ എന്ന കഥാപാത്രമായി താൻ ആഗ്രഹിച്ചത്. ‘ആ കഥാപാത്രം ഫോർട്ടു കൊച്ചിക്കാരിയായിരുന്നു. പക്ഷേ എനിക്ക് അസിനെ കോണ്ടാക്‌ട് ചെയ്യാൻ കഴിഞ്ഞില്ല. നിവിൻ പോളിയും അസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. പിന്നീടാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയതും മലർ മിസ്സിന് തമിഴ് ടച്ച്‌ നൽകിയതും. തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്’ എന്നായിരുന്നു അൽഫോൺസിന്റെ മറുപടി.താൻ ചെറുപ്പത്തിൽ പഠിച്ചതൊക്കെ ഊട്ടിയിൽ ആയിരുന്നുവെന്നും പിന്നീട് സിനിമാ പഠനത്തിനായി ബാക്കിയുള്ള കാലം ചെന്നൈയിലായിരുന്നുവെന്നും ഇതാണ് തമിഴുമായി ബന്ധം വരാൻ കാരണമായതെന്നും അൽഫോൺസ് പറഞ്ഞു.