നടിയും സഹസംവിധായകയുമായ അംബിക റാവു അന്തരിച്ചു

നടിയും സഹസംവിധായകയുമായ അംബിക റാവു അന്തരിച്ചു. തൃശൂര്‍ സ്വദേശിനിയായ താരം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുക. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് അംബിക പ്രേക്ഷക ശ്രദ്ധ നേടിയത്. ദീര്‍ഘകാലം സഹസംവിധായികയായുള്ള അനുഭവ പരിചയവും അവര്‍ക്കുണ്ട്.

നിര്‍മാതാവായ എന്‍എം ബാദുഷയാണ് മരണ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ‘അസോസിയേറ്റ് ഡയറക്ടറും ചലച്ചിത്ര താരവുമായിരുന്ന അംബിക റാവു അന്തരിച്ചു. അംബികയുമായി നിരവധി സിനിമകള്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആദരാഞ്ജലികള്‍,’ എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചത്.

മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.