ഒടുവില്‍ അത് സംഭവിച്ചു, ദീപാവലി ദിനത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ തുറന്ന് പറയാറുണ്ട്. എന്നാല്‍ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം എപ്പോഴും ആര്യയുടെ മനസിലുണ്ടായിരുന്നു. ചില അഭിമുഖങ്ങളില്‍ താരം ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇക്കുറി ദീപാവലി ആഘോഷത്തിനൊപ്പം ആ പുതിയ സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് നടി.

‘ഇത്തവണത്തെ ദീപാവലി പുതിയൊരു സ്ഥലത്താണ്. വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്. എന്റെ പുതിയ വീട്ടില്‍ മനോഹരമായി ആഘോഷിച്ച ആദ്യത്തെ ഉത്സവം. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായൊരു ദീപാവലി ഉണ്ടായിരിക്കട്ടേ എന്ന് ആശംസിക്കുകയാണ്’.- ആര്യ കുറിച്ചു. പുതിയ വീട്ടില്‍ നിന്നുമുള്ള ചിത്രങ്ങളും ആര്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ആര്യയ്ക്കും മകള്‍ക്കും ആശംസ നേര്‍ന്ന് രംഗത്ത് എത്തിയത്.

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം പലപ്പോഴും ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആര്യയുടെ പുത്തന്‍ വീട് എവിടെയാണെന്ന് ചിലര്‍ ചോദിച്ചതോടെയാണ് ഇത് വാടകയ്ക്ക് എടുത്ത വീടാണെന്ന് നടി സൂചിപ്പിച്ചത്. നിലവിലുള്ള വീട്ടില്‍ നിന്നും കൊച്ചിയിലേക്കാണോ അതോ തിരുവനന്തപുരത്താണോ ആര്യ വീട് വാങ്ങിയതെന്ന കാര്യം വ്യക്തമല്ല. ഇനിയുള്ള ദിവസങ്ങളില്‍ അത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമെന്നാണ് കരുതുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിംഗിള്‍ മദറായി കഴിയുകയാണ് ആര്യയിപ്പോള്‍. മകള്‍ റോയയ്ക്കൊപ്പമാണ് താമസം. രണ്ടാമതൊരു പ്രണയം വന്ന് ചേര്‍ന്നെങ്കിലും അത് നഷ്ടപ്പെട്ടതിന്റെ വിഷാദത്തിലായിരുന്നു. ബിഗ് ബോസില്‍ പോയി തിരിച്ച് വന്നപ്പോഴെക്കും മൂന്ന് വര്‍ഷത്തോളമായി ഉണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ട് പോവുകയാണ് ചെയ്തത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനിയും പുതിയൊരു പങ്കാളിയെ താന്‍ തേടുന്നുണ്ടെന്ന കാര്യം ആര്യ വെളിപ്പെടുത്തി. ആദ്യ ഭര്‍ത്താവിനോടും ഇപ്പോഴും പഴയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആള്‍ കൂടിയാണ് ആര്യ.