വടകരയിൽ പുതിയ തന്ത്രങ്ങളുമായി യുഡിഎഫ്

ഇത്തവണ വടകരയിൽ മത്സരം ആവേശകരമാവും. ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. എന്നാൽ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എൽഡിഫും.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ രണ്ടായി മത്സരിച്ച യുഡിഎഫും ആര്‍എംപിയും ഇത്തവണ ഒറ്റകെട്ടായി മത്സരിക്കും എന്നതാണ് വടകരയിലെ മത്സരത്തിന് ആവേശം കൂട്ടുന്നത്. ടി.പി.ചന്ദ്രശേഖരന്റെ മുറിവുണാങ്ങാത്ത മണ്ണില്‍ യുഡിഎഫ് തീരുമാനപ്രകാരം കെ.കെ.രമ സ്ഥാനാര്‍ത്ഥി ആയി. 2016 ല്‍ മൂന്നു മുന്നണികള്‍ക്കുമെതിരെ തനിച്ചു പോരിനിറങ്ങിയ രമ അന്ന് ഇരുപതിനായിരത്തില്‍പരം വോട്ട് നേടിയിരുന്നു. അന്ന് പതിനായിരത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് എല്‍ഡി എഫ് വിജയിച്ചത് . അങ്ങനെയെങ്കില്‍ യുഡിഎഫ് വോട്ടുകളും അന്ന് ലഭിച്ച ഇരുപതിനായിരത്തില്‍പരം വോട്ടുകളും കൂടിയാവുമ്പോൾ ജയിച്ചു കയറാനാകുമെന്നാണ് രമയുടെയും കൂട്ടരുടെയും വിശ്വാസം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കിലാണ് ഇടത് പ്രതീക്ഷ.

അതേസമയം മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ത്രികോണ മത്സരത്തിന് വഴിയൊരുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. കനത്ത പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി.