കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്, സകലതിലും നേരെ ഓപ്പോസിറ്റാണ് മകളെ കുറിച്ച് അശ്വതി

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്.

എഴുത്തിലും താൽപര്യമുള്ള അശ്വതിയുടെ ഏറ്റവും പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. രണ്ടാമത്തെ മകൾ കമലയെ കുറിച്ചുള്ളതാണ് അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. മകളു‍ടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അശ്വതിയുടെ കുറിപ്പ്.

മൂത്തമകളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാത്തിനും നേരെ വിപരീതമാണ് രണ്ടാമത്തെ മകൾ കമല എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്. എന്നെ സുഖപ്പെടുത്താൻ ജനിച്ചവൾ… ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം.

അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷെ… കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവൾ സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവൾ അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണം എന്ന് എഴുതി കണ്ടാൽ വയറ് നിറയുമെങ്കിൽ ചെറിയവൾ എഴുന്നേൽക്കുന്നതെ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളർ പെൻസിൽ മുതൽ ഐപാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി.”പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വെച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി. വഴക്ക് പറഞ്ഞാൽ പാവം വാവയല്ലേ… അമ്മേടെ പൊന്നല്ലേന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ.’

‘അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക… പൊന്നിന് പിറന്നാളുമ്മ’, എന്നാണ് അശ്വതി ശ്രീകാന്ത് രണ്ടാമത്തെ മകളെ കുറിച്ച് എഴുതിയത്. നിരവധി പേരാണ് കമലയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.