യുവതിയെ ക്ലാസിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് ഒലവക്കോട് ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന യുവതിയെ ക്ലാസിലെത്തി കൊല്ലാന്‍ ശ്രമം. മലമ്പുഴ സ്വദേശി സരിതയ്‌ക്കെതിരെ ഭര്‍ത്താവ് ബാബുരാജാണ് കൊലപാതക ശ്രമം നടത്തിയത്. സരിതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനാണ് നോക്കിയത്. യുവതി ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതിക്രമത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട ഭര്‍ത്താവ് ബാബുരാജ് പിന്നീട് പോലീസിന് മുന്നില്‍ കീഴടങ്ങി.

സരിത പഠിക്കുന്ന ബ്യൂട്ടീഷന്‍ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണമെന്ന് ആവശ്യപ്പെട്ട് ക്ലാസില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ചു. തീകൊളുത്താനായി ലൈറ്റര്‍ കത്തിച്ചതോടെ ഇയാളെ ക്ലാസിലുള്ളവര്‍ തടയുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ബ്യൂട്ടീഷന്‍ കോഴ്‌സിന് പോകുന്നത് ഭര്‍ത്താവ് ബാബുരാജിന് ഇഷ്ടമല്ലായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ബാബുരാജിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.