ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സൂചന

മലമ്പുഴ കൂർമ്പാച്ചിമലയിൽ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയ സഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്. ഇവർ മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നത്.

2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോകുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.

ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് സൈന്യമെത്തിയാണ് ബാബുവിനെ മലമുകളിൽ നിന്ന് രക്ഷിച്ചത്. പർവ്വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനിക സംഘം ഊട്ടി വെല്ലിങ്ടനിൽ നിന്നുമാണ് എത്തിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ഹേമന്ത് രാജ് ഉൾപ്പെടെ 24 പേരടങ്ങുന്ന 2 സംഘമാണ് രക്ഷാദൗത്യത്തിനു മലമുകളിലേക്കു കയറിയതും ബാബുവിനെ താഴെ എത്തിച്ചതും.