ശാരീരിക ആവശ്യം കഴിഞ്ഞാൽ ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് പിന്നീട് ഉണ്ടാകാവുന്ന ഉലച്ചിൽ ആ മാതാപിതാക്കൾ‌ അവൾക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ടാകാം

ആലപ്പുഴ മാവേലിക്കര സ്വദേശി ശില്‍പ്പയുടെയും പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളായ ഒരു വയസുകരായുടെ മരണം വേദനയോടെയാണ് മലയാളികൾ കേട്ടത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് സ്വന്തം കുഞ്ഞിനെ ശില്‍പ കൊലപ്പെടുത്തിയത്. ഇപ്പോളിതാ അമ്മയുടെ കൈകളാലുള്ള പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തെക്കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. എങ്ങനെ തോന്നിയെടീ പിശാചേ നിനക്ക് ആ പിഞ്ചുമേനിയെ ഇങ്ങനെ ഞെരിച്ചുടയ്ക്കുവാൻ? എങ്ങനെ തോന്നിയെടീ നെറികെട്ട ജന്മമേ ആ അനക്കമറ്റ ശരീരവും കൊണ്ട് കാമുകന്റെ അടുക്കൽ ഇത്രദൂരം യാത്ര ചെയ്യുവാൻ ? എന്ന് വേദനയോടെയാണ് അഞ്ജു ചോദിക്കുന്നത്

കുറിപ്പിങ്ങനെ

ഇന്നലെ ഒരു ദിനം മുഴുവൻ ഏക മകൾ കാമുകനൊപ്പം ജീവിതം തുടങ്ങിയതിന്റെ നോവിൽ ജീവിതത്തിൽ നിന്നും സ്വയം വിരമിക്കൽ വാങ്ങിയ കൊല്ലത്തെ സൈനികനായ ഒരച്ഛന്റെയും അമ്മയുടെയും ബുദ്ധിശൂന്യതയെ കുറിച്ചുള്ള നരേറ്റീവുകൾ ആയിരുന്നു സോഷ്യൽ മീഡിയ എമ്പാടും. ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും അടുത്ത ബ്രെയ്‌ക്കിങ് ന്യൂസ് വന്നു – ഒരു വയസ്സുള്ള അരുമ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന അമ്മ ശില്പ.

ലിവിങ് ടുഗെതർ എന്ന സ്വയം തെരഞ്ഞെടുപ്പ്, അതിൽ ജനിച്ച കുഞ്ഞ്, പിന്നീട് അജ്മൽ എന്ന പാലക്കാട്ടുകാരൻ പങ്കാളിയുമായുള്ള ഭിന്നത, ശേഷം ഇനി മുന്നോട്ടുള്ള ജീവിതത്തിൽ കുഞ്ഞ് തടസ്സം ആണെന്ന തോന്നൽ, ഒടുവിൽ സ്വന്തം രക്തത്തെ ശ്വാസം മുട്ടിച്ചു കൊല്ലൽ!!
ഇന്നലെ മുഴുവൻ നമ്മൾ വാചാലർ ആയത് പ്രായപൂർത്തിയായ മക്കൾക്ക് മേൽ കടിഞ്ഞാൺ ഇടാതെ അവരെ സ്വാതന്ത്രരായി വിടൂ, അവരുടെ തെരെഞ്ഞെടുപ്പിനെ മാനിക്കൂ എന്നായിരുന്നു. ഇവിടെ ഒരുവൾ സ്വയം തെരഞ്ഞെടുത്ത ജീവിതം ആയിരുന്നു, പങ്കാളി ആയിരുന്നു, സ്വാതന്ത്രബോധം ആയിരുന്നു, ഒടുവിൽ ഇതാ കുഞ്ഞിനെ കൊന്ന കുറ്റവാളിയായി പൊതുസമൂഹത്തിന് മുന്നിൽ നില്ക്കുന്നു. ഈ പെൺകുട്ടിക്കും ഉണ്ടാവില്ലേ ഒരു അച്ഛനും അമ്മയും?

ഒരുപക്ഷേ അന്ന് അവർ ഈ തെരഞ്ഞെടുപ്പ് വേണ്ടാ മോളെ എന്നവളോട് പറഞ്ഞിട്ടുണ്ടാവും. ശാരീരിക ആവശ്യം എന്ന മെയിൻ അട്രാക്ഷൻ കഴിഞ്ഞാൽ ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് പിന്നീട് ഉണ്ടാകാവുന്ന ഉലച്ചിൽ ഒക്കെ പറഞ്ഞിട്ടുണ്ടാവും. യൗവ്വനത്തിന്റെ തിളപ്പിൽ നവോഥാന പുരോഗമന കേരളം നല്കിയ Sex is not a promise എന്ന ടാഗ് ലൈനിൽ ഒക്കെ ആകൃഷ്ടയായപ്പോൾ അച്ഛനുമമ്മയും എൺപതുകളിലെ പഴഞ്ചൻ വസന്തങ്ങൾ ആയി തോന്നി അവളുടെ വഴിയേ ഗമിച്ചതും ആവാം. ഇപ്പോൾ ആ മാതാപിതാക്കളെ നോക്കി ഇതേ സമൂഹം പറയുന്നുണ്ടാവും -വളർത്തുദോഷം!!!

വിഷം ഇറ്റിച്ചാൽ പോലും ചിരിയോടെ നുണയുന്ന, അമ്മിഞ്ഞപ്പാൽ ചുരത്തുന്ന അമ്മയെ നോക്കി ചിരി തൂകി അമ്മേ എന്ന് കൊഞ്ചിപ്പറയുന്ന പിഞ്ചു പ്രായമല്ലേ ഒരു വയസ്സ്. എങ്ങനെ തോന്നിയെടീ പിശാചേ നിനക്ക് ആ പിഞ്ചുമേനിയെ ഇങ്ങനെ ഞെരിച്ചുടയ്ക്കുവാൻ? എങ്ങനെ തോന്നിയെടീ നെറികെട്ട ജന്മമേ ആ അനക്കമറ്റ ശരീരവും കൊണ്ട് കാമുകന്റെ അടുക്കൽ ഇത്രദൂരം യാത്ര ചെയ്യുവാൻ ?

അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തി വലയ്ക്കുളളിൽ കുടുങ്ങിപ്പോയ ഓരോ പെണ്ണിനും ഇന്ന് പിശാചിന്റെ മനസ്സാണ്. ചാപല്യമേ നിന്റെ പേരോ സ്ത്രീ” ? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്സ്പിയർ എഴുതിയ ഉദ്ധരണി ഇത്തരക്കാരെ ഉദ്ദേശിച്ചു മാത്രമാവണം. ഇഷ്ടപ്പെട്ടവനൊപ്പം പോകുവാൻ വേണ്ടി, ഇഷ്ടപ്പെട്ട ഒരുവനൊപ്പം ജീവിച്ചു തുടങ്ങുമ്പോൾ ഒക്കെ ലവലേശം പാപബോധം ഇല്ലാതെ കൈ വിറയ്ക്കാതെ അരുമ കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മ പിശാചുകൾ, സ്വന്തം ചോരയെ അന്യനൊരുത്തൻ ഇഞ്ചിഞ്ചായി കൊല്ലുന്നത് നോക്കി നില്ക്കുന്ന ന്യൂ ജെൻ പെൺസാത്താന്മാർ.അങ്ങനെ എത്രയെത്ര സംഭവങ്ങൾ. ബാലശാപം നിറഞ്ഞു നിറഞ്ഞു വെന്ത് വെണ്ണീറായി പോകും ഈ നാട്!!!

പത്ത് മാസം ചുമന്നു പെറ്റതിന്റെ അവകാശങ്ങളൊന്നും തങ്ങൾക്ക് വേണ്ടെന്നു ഇപ്പോൾ ഉറക്കെപ്പറയുന്ന പുതിയ അവതാര പെൺകിടാങ്ങൾക്ക് മാതൃത്വം എന്നോ മാതാപിതാക്കൾ എന്നാൽ പകരം വയ്ക്കുവാൻ കഴിയാത്ത പദം എന്നോ ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത അലർജിയാണ്. പുരോഗമനത്തിന്റെ ഭാഷയിൽ ഇപ്പോൾ കുടുംബം, കുഞ്ഞ് എന്നൊക്കെ പറയുമ്പോൾ അവനവിനിസം എന്ന ഇസത്തിലേയ്ക്ക് ഉള്ള കടന്നുക്കയറ്റവുമാണ്. പക്ഷേ ഇവർക്കൊന്നും ഇത്തരം അരും പാതകം കാണുമ്പോൾ ഒന്നുമേ പറയാൻ ഉണ്ടാവില്ല എന്നതാണ് സത്യം.

സ്വന്തം കുഞ്ഞിന് ഒരു ചെറുചൂട് തോന്നിയാൽ, തെല്ലിട നിറുത്താതെ വാവിട്ടുകരഞ്ഞാൽ, കുഞ്ഞിക്കണ്ണുകളിൽ നീരുറവ പൊടിഞ്ഞാൽ ആകുലതയുടെ മഴവെള്ളപ്പാച്ചിലിൽ മുങ്ങിത്താഴാറുണ്ട് ഓരോ അമ്മ മനസ്സും. പക്ഷേ ശില്പയെ പോലെ ഉള്ളവളുമാർക്ക് അജ്മൽ അഥവാ അജു പോലുള്ള ഇടത്താവളം കണ്ടെത്തി അതിൽ കുഞ്ഞ് ജനിക്കുമ്പോൾ കൊല്ലുക എന്ന ഓപ്ഷൻ മാത്രം. കണ്ടിടം നിരങ്ങുന്ന ഓരോ പെണ്ണിനും മാതൃത്വം എന്നത് സുഖം തേടുമ്പോൾ ഇടയ്ക്ക് പറ്റുന്ന ഒരു പിഴവ് മാത്രമാണ് ഇപ്പോൾ.

പിഞ്ചുകുഞ്ഞിന് മുലപ്പാൽ എന്ന അവകാശം നിഷേധിക്കപ്പെട്ടാലും സെക്ഷ്വൽ ലിബറേഷൻ നഷ്ടപ്പെടരുതെന്ന നിർബന്ധം നമ്മളിടങ്ങളിൽ പൂത്തു വിടർന്നു നില്ക്കുന്നതിനാൽ നവോത്ഥാനം രണ്ടാം നിലകളിലെ യൂട്യൂബ് നോക്കിയുള്ള ഡെലിവറിയും കടന്ന് ഓൺലൈൻ വൈഫ് എക്സ്ചേഞ്ച് വരെ എത്തി നില്ക്കുന്നുണ്ട്. കണ്മുന്നിൽ നിത്യേന ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വാർത്തകൾ കാണുന്നത് കൊണ്ടാണ് പലപ്പോഴും സ്വന്തം തെരഞ്ഞെടുപ്പ് എന്ന ഓപ്ഷനുമായി മകൾ വരുമ്പോൾ അച്ഛനമ്മാർ വിലക്കുന്നത്. ഈ തെരഞ്ഞെടുപ്പ് പാളി പങ്കാളിയുടെ കൈകൊണ്ട് ജീവനറ്റ് വീഴരുതെന്നോ ശില്പയെ പോലെ കൊലപാതകിയായി നില്ക്കരുത് എന്നോ ആൺ സുഹൃത്തിനു ഒപ്പം ലഹരിയുമായി പെൺകുട്ടി പിടിയിൽ എന്ന വാർത്തയിലെ ചിത്രമായി നില്ക്കരുത് എന്നോ ഒക്കെ ഉള്ള അവരുടെ നിർദോഷമായ വാശി. അതുകൊണ്ടാണ് അവർ അരുതുകളുമായി നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നില്ക്കുന്നത്. ആ അരുതും കടന്ന് മുന്നോട്ട് പോകുമ്പോൾ ഇനിയെന്ത് എന്ന വ്യർത്ഥതയിൽ സ്വയം ജീവൻ ഒടുക്കുന്നത്.!!

സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യുവാനുള്ള ആഹ്വാനം നല്കുന്നവർക്ക്, ജാതി നോക്കി മകളെ/ മകനെ അവന്/ അവൾക്ക് കൊടുക്കാത്ത സവർണ്ണ മാടമ്പി എന്നൊക്കെ അടുത്തൊരാളെ നോക്കി പറയുവാൻ നവോഥാന ചുവപ്പ് പോരാളികൾക്ക് എളുപ്പമാണ്. പക്ഷേ ആ നവോത്ഥാനം സ്വന്തം വീട്ടിൽ പൂത്തുതളിർക്കുമ്പോൾ ഇരു ചെവി അറിയാതെ ശിശു ക്ഷേമസമിതിയിലെ അമ്മത്തൊട്ടിലിൽ ഇടാൻ സഖാക്കൾക്ക് കഴിയും എന്ന് പെറ്റ കുഞ്ഞിനെ തിരികെ കിട്ടാൻ സമരം ചെയ്ത ഒരു മകൾ കാണിച്ചു തന്നിട്ടുണ്ട്.

ശില്പ എന്ന പെണ്ണിന്റെ വേലിചാട്ടം കൊണ്ട് കോല് കൊണ്ടത് അവൾക്ക് മാത്രമല്ല, മറിച്ച് ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിന് കൂടിയാണ്. ഒപ്പം നാട്ടുകാരുടെ കുത്തുവാക്കും കുറ്റപ്പെടുത്തലും കൊണ്ട് അപമാനഭാരത്തോടെ നിൽക്കേണ്ടി വരുന്ന അവളുടെ കുടുംബത്തിനും. ഇവിടെ അവൻ സുരക്ഷിതൻ ആണ്. പേര് കൊണ്ടോ ചിത്രം കൊണ്ടോ ആരെന്ന് അറിയപ്പെടാതെ ആൺസുഹൃത്ത് എന്ന ലേബൽ വച്ച കൂടാരത്തിൽ അവൻ സുരക്ഷിതൻ. ഇത്തരം പെണ്ണുങ്ങളോട് ഒട്ടുമില്ല സഹതാപം!! വേലി ചാടുന്ന പയ്യിന് കോല് കൊണ്ടാണ് മരണം!!!