മഴക്കെടുതി ;പ്രതീക്ഷ നഷ്ടപ്പെട്ട് ഇതരസംസ്ഥാനക്കാര്‍ പാലായനം ചെയ്യുന്നു

കേരളം സ്വര്‍ഗമായി കണ്ടിരുന്നവര്‍ നാടുവിടുന്നു. മഴക്കെടുതി മൂലം ദുരിതത്തിലായതോടെ കിട്ടിയ വാഹനത്തില്‍ കയറി അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലം വിടുന്നത്. മഴ കുറഞ്ഞതോടെ തൃശൂരില്‍ നിന്ന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കൂട്ടത്തോടെയാണ് ബീഹാര്‍, ബംഗാള്‍, ഒറീസ, തമിഴ്‌നാട് സ്വദേശികള്‍ സ്റ്റാന്‍ഡിലെത്തിയത്.

ട്രെയിനുകള്‍ ഓടാത്തതുമൂലം പാലക്കാട് വഴി കോയമ്പത്തൂരിലെത്തി അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്താനാണ് നെട്ടോട്ടം. ഇവര്‍ താമസിക്കുന്ന കൊച്ചു മുറികളിലും വെള്ളം കയറിയതോടെ കിട്ടിയ സാധനങ്ങളുമായാണ് പലരും നാടുവിട്ടത്. ഭക്ഷണം കിട്ടാനും പ്രയാസം നേരിട്ടുതുടങ്ങിയിരുന്നു.

കുതിരാനിലെ മണ്ണിടിച്ചില്‍ മൂലം നിയന്ത്രണവിധേയമായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. പാലക്കാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ചാലക്കുടിയില്‍ വെള്ളം ഇറങ്ങിയതിനാല്‍ അങ്കമാലി വരെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി.

കണ്ണൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള സര്‍വീസുകളും ഇന്നലെ ആരംഭിച്ചു. വഴികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍വീസ് നിറുത്തേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് സര്‍വീസ് നടത്തുന്നത്.