
ചെന്നൈ/ ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടേ നിര്‍ണായക ഉത്തരവ്. ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്ന് വിലക്കരുത് എന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതര മതവിശ്വാസികളെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്.
കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം ഉണ്ടാവുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുംഭാഭിഷേക ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് ഈ ഹര്‍ജി തള്ളുകയാണ് ഉണ്ടായത്.
ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ വെക്കുന്നില്ലേ എന്ന് കോടതി ചോദിക്കുകയുണ്ടായി. ജന്മനാ ക്രിസ്ത്യാനിയായ ഡോ. കെ ജെ യേശുദാസിന്റെ വിവിധ ഹൈന്ദവ ദൈവങ്ങളെ സ്തുതിച്ചുള്ള ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ യാതൊരു വിധ തടസവുമില്ലാതെ ആലപിക്കപ്പെടുന്നു എന്നത് പൊതുവെ അറിവുള്ള കാര്യമാണ്. വേളാങ്കണ്ണിയിലും നാഗൂര്‍ ദര്‍ഗയിലും ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്നതുണ്ട്. – മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരും ചടങ്ങിനെത്തി. ഇതില്‍ ഇതര മതവിശ്വാസികളും ഉണ്ടായിരുന്നു എന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയണം എന്നും കാട്ടി ഇ സോമന്‍ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കുംഭാഭിഷേകം ഉത്സവത്തിന്റെ നടത്തിപ്പിനായി പ്രചരിപ്പിച്ച ക്ഷണക്കത്തില്‍ ക്രിസ്ത്യാനിയായ ഒരു മന്ത്രിയുടെ പേരും പരാമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സോമന്‍ എന്നയാള്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി എന്‍ പ്രകാശും ജസ്റ്റിസ് ആര്‍ ഹേമലതയും വിശാലമായ കാഴ്ചപ്പാടോടെയാണ് വിഷയത്തെ സമീപിച്ചത്. ഒരു ക്ഷേത്രത്തിലെ കുംഭാഭിഷേകം പോലുള്ള പൊതു ചടങ്ങുകള്‍ നടത്തുമ്പോള്‍, ഓരോ വ്യക്തിയുടെയും മതപരമായ വ്യക്തിത്വം പരിശോധിച്ച് അധികാരികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.