കല്യാശ്ശേരിയിലെ കള്ളവോട്ട്, സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർക്കെതിരെ കേസ്, വോട്ട് അസാധുവാക്കും

കണ്ണൂർ: കല്യാശ്ശേരിയില്‍ മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ​ഗണേശനാണ് ഒന്നാം പ്രതി. അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വോട്ട് അസാധുവാക്കുമെന്നും റീ പോളിം​ഗ് സാധ്യമല്ലെന്നും ജില്ലാ കളക്ടർ കെ, ഇമ്പശേഖർ അറിയിച്ചു.

മുതിർന്ന പൗരന്മാർക്കും ദിവ്യാം​ഗർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്ളും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തഃസത്തയും കാത്തുസൂക്ഷിക്കും വിധം ജാഗ്രതയോടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച് പരാതി ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂർ കല്യാശ്ശേരിയിൽ 164-ാം നമ്പർ ബൂത്തിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെയാണ് ബൂത്ത് ഏജൻ്റും സിപിഎം നേതാവുമായ ​ഗണേശൻ വോട്ട് രേഖപ്പെടുത്തിയത്.

വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുംവിധം ക്രമവിരുദ്ധമായ ഇടപെടൽ നടന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥരെ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു. സ്പെഷ്യൽ പോളിം​ഗ് ഓഫീസർ പൗർണമി വി.വി, പോളിം​ഗ് അസിസ്റ്റന്റ് പ്രജിൻ ടി.കെ, മൈക്രോ ഒബ്സർവർ ഷീല എ, സിവിൽ പൊലീസ് ഓഫീസർ ലെജീഷ് പി, വീഡിയോഗ്രാഫർ റിജു അമൽജിത്ത് പി.പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.