ഇടുക്കിയിൽ ജപ്തി നടപടിക്കിടെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ, രക്ഷാപ്രവർത്തനത്തിനിടെ പൊലീസുകാർക്ക് പരിക്ക്

ഇടുക്കി: ജപ്തി നടപടിക്കിടെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിനി ഷീബ ദിലിപാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ജപ്തി നടപടികളുടെ ഭാ​ഗമായി എത്തിയ ബാങ്ക് അധികൃതരുടെയും പൊലീസിന്‍റെയും മുൻപിൽ വെച്ചാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് സ്ത്രീ സ്വയം തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച എസ്ഐയ്ക്കും വനിതാ സിവിൽ പൊലീസ് ഓഫീസർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിനോയി, വനിതാ സിവിൽ പൊലീസ് ഓഫീസർ അമ്പിളി എന്നിവർക്ക് പൊള്ളലേറ്റു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പൊള്ളലേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നെടുങ്കണ്ടം ബ്രാഞ്ചിൽ നിന്ന് ജപ്തി നടപടികൾക്കായി എത്തിയപ്പോഴായിരുന്നു സംഭവം.