വടകരയിൽ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒമാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്കി യുഡിഎഫ്

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒമാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്ന് യുഡിഎഫിന്റെ പരാതി. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും വടകര പാര്‍ലമെന്റ് റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കി യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ അഡ്വ സി.ടി. സജിത്ത്.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടിയിലുള്ള സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒമാരും സി.പി.എം. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് അനുകൂലമായും പക്ഷപാതപരമായും പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും 85 വയസ്സിന് മുകളിലുള്ളവരെയും അംഗപരിമിതരായ വോട്ടര്‍മാരെയും വോട്ട് ചെയ്യിക്കാന്‍ വീടുകളിലെത്തുമ്പോള്‍ യു.ഡി.എഫ് ബി.എല്‍.എമാരെ അറിയിക്കുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

തലശ്ശേരിയിലെ 109-ാം നമ്പര്‍ ബൂത്തില്‍ മാലതി എന്ന പേരില്‍ 85 വയസ്സിനു മുകളിലുള്ള ഒരു സ്ത്രീയുടെ വോട്ട്, ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി ബി.എല്‍.ഒ. തന്നെ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഈ നടപടി നിയമവിരുദ്ധവും അന്യായവുമാണ്. ഈ സാഹചര്യത്തില്‍, ചീഫ് ഇലക്ഷന്‍ കമ്മിഷന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വടകരയിലെ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഇത്തരം വോട്ടുകള്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്യപ്പെടും.

അതിനാല്‍, സ്ഥാനാര്‍ഥിയെ പ്രതിനിധീകരിക്കുന്ന ബി.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പാക്കാതെ, അനധികൃത വോട്ടുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ അല്ലെങ്കില്‍ ബി.എല്‍.ഒമാര്‍ രേഖപ്പെടുത്തുന്നതില്‍നിന്ന് സെക്ടറല്‍ ഓഫീസര്‍മാരെയും അല്ലെങ്കില്‍ ബി.എല്‍.ഒമാരെയും തടഞ്ഞുകൊണ്ടുള്ള അടിയന്തര ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.