മുഖ്യമന്ത്രി നാളെ പത്ത് ഇരുന്നൂറ്റിയമ്പത് തറക്കല്ലിടുന്നുണ്ട്, എങ്ങും പോകെണ്ടല്ലോ.. ഇവിടെ ഇരുന്ന് പ്രസംഗിച്ചാൽ മതിയല്ലോ” രൂക്ഷവിമർശനവുമായി ചെന്നിത്തല

മുഖ്യമന്ത്രിയായി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. രണ്ടാം പിണറായി സർക്കാർ നൂറിൽ വട്ടപ്പൂജ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. ഓൺലൈൻ വഴി തറക്കല്ലിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും വകുപ്പിലെ ഉദ്ഘാടനങ്ങൾക്ക് പോലും മന്ത്രിമാർക്ക് അവസരമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

‘മുഖ്യമന്ത്രി നാളെ പത്ത് ഇരുന്നൂറ്റിയമ്പത് കല്ലിടുന്നുണ്ട്. ഇപ്പോൾ എങ്ങോട്ടും മുഖ്യമന്ത്രി യാത്ര ചെയ്യാറില്ല, ഇവിടെ ഇരുന്നുകൊണ്ട് കല്ലുകൾ ഇടുകയാണ്. ഏറ്റവും കൂടുതൽ തറക്കല്ല് ഇടുകയും ഉദ്ഘാടനത്തിന് ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തിലെ ഒരു മന്ത്രിയ്‌ക്കും ഉദ്ഘാടനത്തിന് അവകാശമില്ല. എല്ലാം മുഖ്യമന്ത്രിയാണ് ചെയ്യുന്നത്. എങ്ങും പോകെണ്ടല്ലോ.. ഇവിടെ ഇരുന്ന് പ്രസംഗിച്ചാൽ മതിയല്ലോ’ ചെന്നിത്തല പരിഹസിച്ചു.

രണ്ടാം പിണറായി സർക്കാർ കൊറോണയുടെ സന്തതിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. കിറ്റ് വിതരണം ഒരു പരിധിവരെ സർക്കാരിന് തുണയായെന്നും ചെന്നിത്തല വ്യക്തമാക്കി. പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം ഒരു വികസനവും ഉണ്ടായില്ല. സർക്കാരിന് വികസനത്തെ സംബന്ധിച്ച് ഒരു കാഴ്‌ച്ചപ്പാടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.