കേരളസര്‍വകലാശാലയ്ക്ക് സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരന്‍ കൊടുക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ , യാതൊരു നടപടിയും ഇല്ല

തിരുവനന്തപുരം : സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരനായ വിരമിച്ച ഉദ്യോഗസ്ഥന്‍ കേരള സര്‍വകലാശാലയ്‌ക്ക് നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപ. സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഡോ.പി. രാഘവനാണ് ഒന്നരക്കോടിയോളം രൂപ നല്‍കാനുള്ളത്.ഇയാൾ തലസ്ഥാനത്തെ പ്രമുഖനായ ഒരു സിപിഎം നേതാവായ മുന്‍മന്ത്രിയുടെ അപ്പുപ്പക്കാരനാണെന്നാണ് പുറത്തു വരുന്ന വിവരം. വിരമിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടും തുക തിരിച്ചു പിടിക്കാനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് മാത്രമല്ല സിപിഎം നേതാവ് ഇടപെട്ട് ഇയാളെ കാമ്പസിലെ ഹരിതം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റിയിലെ കേരളാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സോസൈറ്റിയില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്പകളില്‍ പതിമൂന്ന് ലക്ഷത്തോളം രൂപ തിരിച്ചടയ്‌ക്കാനുണ്ട്. കൂടാതെ ഇയാളുടെ സര്‍വീസ് അക്കൗണ്ടില്‍ രജിസ്ട്രാര്‍ അവധിയിലായപ്പോള്‍ 1,36,79000 മാറ്റിയിരുന്നു. ഈ തുക ചെലവഴിച്ചതിന്റെ കണക്കും നല്‍കിയിട്ടില്ല.

സർവീസിൽ നിന്ന് വിരമിച്ചിട്ടും ബാധ്യത ഉള്ളതിനാല്‍ മുഴുവന്‍ പ്രൊവിഷണല്‍ പെന്‍ഷനാണ് ഇയാള്‍ക്ക് നല്‍കി വരുന്നത്. ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഇതിന് പിന്നാലെയാണ് രാഘവനെ ഹരിതം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിച്ച നടപടി ഉണ്ടായത്. സര്‍വകലാശാല വളപ്പില്‍നിന്നും മരം മുറിച്ച വകയില്‍ കോടികള്‍ നല്‍കാനുമുണ്ട്.

കാര്യവട്ടം കാമ്പസിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍വശത്ത് നിന്ന വനംവകുപ്പിന്റെ വനവല്‍ക്കരണത്തിനായി ഹരിതം പദ്ധതിയില്‍പ്പെടുത്തി നട്ടു വളര്‍ത്തിയ തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ വര്‍ഷങ്ങളുടെ പഴക്കമുള്ള വന്‍ മരങ്ങളാണ് മുറിച്ചത്. ഈ ഇനത്തിൽ കോടികൾ ഇയാൾ കൈക്കലാക്കിയെന്നാണ് ആരോപണം.

ഡോ.പി. രാഘവൻ തൃപ്പാദപുരം മഹാദേവക്ഷേത്തില്‍ ഇയാള്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിലും തിരിമറി നടത്തിയ സംഭവം വിജിലന്‍സ് എസ്പി നേരിട്ട് അന്വേഷിക്കുന്നുണ്ട്. ഒരുകോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് ഇയാൾ നടത്തിയതായി കണ്ടെത്തിയിട്ടും സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരൻ എന്ന പരിഗണനയിൽ ദേവസ്വം ബോർഡ് പോലും ഇയാൾക്കെതിരെ യാതൊരു നീക്കവും നടത്തുന്നില്ല എന്നതാണ് വാസ്തവം