ടീച്ചർക്കൊത്ത് ഉയരാനായില്ല; വീണാ ജോര്‍ജിന് മുഖ്യമന്ത്രിയുടെ ശകാരം: ഷിബു ബേബിജോണ്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ മുഖ്യമന്ത്രി പരിഹസിക്കുകയും ശകാരിക്കുകയും ചെയ്തതായി ആര്‍.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോണ്‍. അടുത്തിടെ നടന്ന ഒരു ഉദ്യോഗസ്ഥയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ മുഖ്യമന്ത്രി ശകാരിച്ചതായാണ് ഷിബു ബേബിജോണ്‍ പറയുന്നത്. വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരേ യു.ഡി.എഫ്. കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞതാണിത്. മുന്‍മന്ത്രി ശൈലജ പി.ആര്‍. ഏജന്‍സിയെ ഉപയോഗിച്ച് ആരോഗ്യ വകുപ്പ് എന്തോ വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ത്തിരുന്നു. അതിനുശേഷം വന്ന മന്ത്രി വീണാ ജോര്‍ജിന് അതിനൊത്ത് ഉയരാന്‍ കഴിയാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മോശം പ്രതിച്ഛായയ്ക്കാണ് ശകാരിച്ചത്’-ഷിബു പറഞ്ഞു.

മന്ത്രിമാര്‍ക്ക് ഇപ്പോള്‍ മന്ത്രിസഭായോഗത്തില്‍ സംസാരിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി പറയുന്നതുകേട്ട് കൈയടിക്കുക മാത്രമാണ് മന്ത്രിമാരുടെ ജോലിയെന്നും അദ്ദേഹം പരിഹസിച്ചു. വിക്ടര്‍ ടി.തോമസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.ശിവദാസന്‍ നായര്‍, പന്തളം സുധാകരന്‍, എ.ഷംസുദ്ദീന്‍, പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി, കെ.ഇ. അബ്ദുള്‍ റഹ്മാന്‍, കെ.എസ്. ശിവകുമാര്‍, ടി.എം. ഹമീദ്, ജോര്‍ജ് വര്‍ഗീസ്, ജോസഫ് എം. പുതുശ്ശേരി, സനോജ് മേമന, ജോണ്‍ കെ. മാത്യൂസ്, മലയാലപ്പുഴ ശ്രീകോമളന്‍, ഡി.കെ. ജോണ്‍, ബാബു വെണ്മേലി, ഇ.കെ. ഗോപാലന്‍, മാത്യു വീരപ്പള്ളി, റിങ്കു ചെറിയാന്‍, തോപ്പില്‍ ഗോപകുമാര്‍, കെ. ജയവര്‍മ, എ.സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പ്രസംഗിച്ചു.