ബൈക്കില്‍ സഞ്ചരിച്ച കമിതാക്കളെ വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ച് വിവാഹം കഴിപ്പിച്ചു

ഗുവാഹതി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കമിതാക്കളെ ആള്‍ക്കൂട്ടം വലിച്ച് താഴെയിടുകയും ആക്രമിക്കുകയും ചെയ്തു. ആസാമിലെ ഗോളപാറാ ജില്ലയിലാണ് സദാചാര പോലീസ് ആക്രമണമുണ്ടായത്. ഇതില്‍ ആക്രമണത്തിന് ഇരയായ ആളുടെ സഹോദരനും മര്‍ദ്ദനമേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനേത്തുടര്‍ന്ന് നാട്ടുകാര്‍ കൂടിച്ചേര്‍ന്നു ഇരുവരേയും വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു.

ഈ മാസം 19നാണ് സംഭവം ഉണ്ടായത്. അസമിലെ ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഒരു കൂട്ടം ഗ്രാമീണര്‍ ഇവരെ വഴി തടയുകയും വാക്കേറ്റം നടത്തുകയും ചെയ്തു. തുടര്‍ന്ന് കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വരികയും കയ്യില്‍ ഇരുന്ന മുളവടി ഉപയോഗിച്ച് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മര്‍ദ്ദനത്തിനൊടുവില്‍ ഗ്രാമീണര്‍ ചുറ്റും നിന്നുകൊണ്ട് ഇരുവരേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നും ആക്രമിക്കപ്പെട്ട യുവാവിന്റെ സഹോദരന്‍ പറഞ്ഞു.

എന്നാല്‍ ഇതുവരെ ഒരു തരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയാണെന്നും ആസ്സാം ഡിജിപി കുല്‍ധാര്‍ സൈകിയ പറഞ്ഞു. തെറ്റായ രീതിയില്‍ സ്പര്‍ശിക്കല്‍, മുറിവേല്‍പ്പിക്കല്‍, പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഇവരെ മര്‍ദ്ദിക്കുന്നതിന്റെയും വിവാഹം കഴിപ്പിക്കുന്നതിന്റെയും വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്തു. അക്രമത്തില്‍ രണ്ടു പേരെ പോലീസ് അറസറ്റ് ചെയ്തു. കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നവര്‍ എന്ന് തെറ്റിധരിച്ച് ജനക്കൂട്ടം ആക്രമിച്ച് രണ്ട് മരിച്ച സംഭവത്തിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.