വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

കാസര്‍കോട് . സിപിഎം വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച പാർട്ടി ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിക്ക് എതിരെയാണ് ജില്ലാ നേതൃത്വം നടപടി എടുത്തിരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാഘവന്‍ വെളുത്തോളി അശ്ലീല ശബ്ദ സന്ദേശമയച്ചത്.

മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തുന്നത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് മാറി വരുന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നു മൊക്കെ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയുടെ വിശദീകരണം ഉണ്ടായി.

സംഭവത്തിൽ ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ട ആണെന്നതാണ് ശ്രദ്ധേയം. രാഘവൻ വെളുത്തോളി അയച്ച സന്ദേശം ഇപ്പോൾ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.