തീവണ്ടിയിലെ ആക്രമണം ; പ്രതികളെപ്പറ്റി സൂചന ലഭിച്ചു. അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിക്കും : ഡിജിപി

തിരുവനന്തപുരം: തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍
പ്രതികളെപ്പറ്റി സൂചന ലഭിച്ചുവെന്ന് ഡി.ജെ.പി. അനില്‍ കാന്ത്. പെട്ടെന്ന് തന്നെ അവരിലേക്കെത്താന്‍ കഴിയുമെന്നും, സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരമേഖലാ ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഐ.ജി. സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെയെന്നുള്ളതും അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി കണ്ണൂര്‍ സന്ദര്‍ശിക്കും. ഇതിന് ശേഷമാകും അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപവത്കരിക്കുക.

ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ ആക്രമണത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. 9 പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ മട്ടന്നൂർ സ്വദേശികക്കാണ് ജീവൻനഷ്ടമായത്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരിയുടെ മകൾ സഹറ (2), നൗഫീഖ് എന്നിവരാണ് മരിച്ചത്. തീപടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് വിവരം.

തീപിടിത്തമുണ്ടായ ട്രെയിനിൽ നിന്നും അമ്മയേയും കുഞ്ഞിനേയും കാണാതായെന്നു സഹയാത്രികർ അറിയിച്ചിരുന്നു. ട്രെയ്ൻ കണ്ണൂരിൽ എത്തിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.