പണത്തിലായിരുന്നു അവന്റെ കണ്ണ്, അവന്‍ നന്നാകുമെന്ന് എന്നിട്ടും ഷഹന വിശ്വസിച്ചു, വെളിപ്പെടുത്തി സംവിധായകന്‍

നടയും മോഡലുമായ ഷഹനയുടെ മരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. സിനിമയിലേക്ക് കടന്ന് വന്ന നടിയ്ക്ക് സംഭവിച്ചതോര്‍ത്ത് സിനിമ പ്രവര്‍ത്തകരും വിഷമത്തിലാണ്. സംഭവവുമായി പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍. സിനിമയുടെ സെറ്റില്‍ വെച്ചുതന്നെ ഷഹനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജോളി ബാസ്റ്റ്യന്‍ പറയുന്നു.

ഷഹന നായികയായ ലോക്ഡൗണ്‍ എന്ന തമിഴ് സിനിമയുടെ സംവിധായകനാണ് ജോളി ബാസ്റ്റ്യന്‍. എന്തോ ഒരു ഭയം ഷഹനയെ അലട്ടിയിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഷഹനയെ നായികയാക്കി മറ്റൊരു ചിത്രം ചെയ്യാനിരിക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടാകുന്നതെന്നും ജോളി ഒരു മാധ്യമത്തോട് പ്രതികരിച്ചു.

ജോളി ബാസ്റ്റ്യന്റെ വാക്കുകള്‍ ഇങ്ങനെ, ‘തമിഴ് സിനിമയുടെ സെറ്റില്‍ വച്ചാണ് ഷഹനയെ പരിചയപ്പെടുന്നത്. ഞാന്‍ സംവിധാനം ചെയ്യുന്ന ‘ലോക്ക് ഡൗണില്‍’ ഹീറോയിനായാണ് അവരെ കാസ്റ്റ് ചെയ്തത്. വളരെ സത്യസന്ധയായ ബോണ്‍ ആക്ട്രസ് ആയിരുന്നു ഷഹന. ഏതു ഭാഷയിലും അവര്‍ തിളങ്ങും എന്നെനിക്ക് അന്നേ മനസ്സിലായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരോടും പെട്ടെന്ന് പരിചയമാകുന്ന പെണ്‍കുട്ടി.

അവര്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് സെറ്റില്‍ വന്നിരുന്നത്. അവര്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തുടക്കം മുതലേ മനസ്സിലായിട്ടുണ്ട്. പക്ഷേ എന്താണ് പ്രശ്‌നം എന്നൊന്നും അവള്‍ പറഞ്ഞിരുന്നില്ല. പ്രശ്‌നങ്ങള്‍ എല്ലാം മാറും, അവന്‍ നന്നാകും എന്നൊക്കെ അവള്‍ വിശ്വസിച്ചു.

ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സെറ്റില്‍ വച്ചും വെറുതെ ഓരോരോ പ്രശ്‌നമുണ്ടാക്കിയിരുന്നു. പലപ്പോഴും പിടിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. അവളുടെ മുഖത്ത് ഒക്കെ മര്‍ദ്ദിച്ച പാടുകള്‍ കണ്ടിട്ടുണ്ട്. നിയമപരമായി എന്തെങ്കിലും ചെയ്യണോ എന്നു ചോദിച്ചെങ്കിലും അവള്‍ക്ക് അവനില്‍ വിശ്വാസം ആയിരുന്നു.

എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. എന്നാല്‍ ഭര്‍ത്താവ് വരുമ്‌ബോള്‍ ഒരുപാട് മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് തോന്നിയത്. സംവിധായകന്‍ എന്ന നിലയില്‍ വര്‍ക്ക് സംബന്ധമായ കാര്യങ്ങളാണ് ഞാന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഒന്നും സംസാരിക്കാനോ അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാനോ ശ്രമിച്ചിരുന്നില്ല. ഒരു ചെറിയ ഇടവേളയിലാണ് അവരെ പരിചയപ്പെട്ടതും സംസാരിച്ചതുമെല്ലാം.

അവര്‍ക്കൊപ്പം മറ്റൊരു സിനിമകൂടി ചെയ്യാന്‍ തയാറായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വിയോഗം. ഈ ചിത്രത്തില്‍ എന്റെ മകന്‍ തന്നെയാണ് നായകന്‍. അതു കൊണ്ടു കൂടി ഷഹനയെ ഒരു മകളെ പോലെയാണ് ഞാന്‍ കണ്ടത്. അവള്‍ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന ആഗ്രഹമുണ്ട്.’