സ്കൂളിൽ മാലിന്യങ്ങൾ തള്ളി, അതിക്രമിച്ച് കയറി അനധികൃത നിർമ്മാണം നടത്തുന്നു- പിടി ഉഷ

ന്യൂഡൽഹി. കോഴിക്കോട് ബാലുശേരി തന്റെ സ്‌കൂളിൽ ചിലർ അതിക്രമിച്ച് കയറി അനധികൃത നിർമ്മാണം നടത്തുന്നുവെന്ന ആരോപണവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയും എംപിയുമായ പിടി ഉഷ. കോഴിക്കോട് ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളിലാണ് ചിലർ അതിക്രമിച്ച് കയറി അനധികൃത നിർമ്മാണം നടത്തുന്നുവെന്ന പരാതിയുമായി പിടി ഉഷ രംഗത്തുവന്നത്.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാൽ ഈ പ്രദേശം മയക്കുമരുന്ന് ലോബികൾ എത്തും. മാത്രമല്ല പ്രദേശത്ത് ഏതെങ്കിലും വീട്ടിൽ കല്യാണം നടന്നാൽ ആ മാലിന്യം മുഴുവൻ സ്‌കൂൾ കോമ്പൗണ്ടിൽ തള്ളുമെന്നും ഉഷ കുറ്റപ്പെടുത്തി. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. നേരത്തെ ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു.

അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത് എന്നും ഉഷ വ്യക്തമാക്കി. ഇപ്പോൾ ആരാണെന്ന് അറിയില്ല. തങ്ങളെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. 25 കുട്ടികളിൽ 11 പേർ നോർത്ത് ഇന്ത്യക്കാരാണ്.

12-ാം തീയതി സെലക്ഷൻ വരാൻ പോകുകയുമാണ്. ഇത്തരം അവസരങ്ങളിൽ ആളുകൾ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പെൺകുട്ടികൾ മാത്രം പഠിക്കുന്ന തന്റെ സ്‌കൂളിൽ മതിയായ സുരക്ഷ സർക്കാർ ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.