തിരുവനന്തപുരം മ്യൂസിയത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം

തിരുവനന്തപുരം. മ്യൂസിയത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ കനകനഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം നാൽപ്പത്തിയഞ്ചുകാരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ കഴുത്തിനും മുഖത്തും പരിക്കേറ്റു.

കനകകുന്നിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. സംഘം സ്ത്രീയെ തടഞ്ഞുനിർത്തി കഴുത്തിൽ കിടന്നിരുന്ന മാല തട്ടിപ്പറിക്കുവാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. മാല മോഷണശ്രമമെന്നാണ് പോലീസ് പറയുന്നത്.

പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊ‌ർജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് അധ്യക്ഷ പി സതീദേവി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതാകുറവുണ്ടായോ എന്നത് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പി സതീദേവി പറഞ്ഞു.