ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാന്‍ പോയ 8 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്. പുളിയഞ്ചേരി യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉമ്മ ഹൈറുന്നിസ. സഹോദരങ്ങൾ മുഹമ്മദ് മിഷാൻ, മുഹമ്മദ് മിൻഹജ്ജ്‌.

രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാര് പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ് മുസമ്മിനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

അതേ സമയം കാസർ​ഗോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത്ത്‌, രവീന്ദ്രന്റെ മകൻ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസ്സാണ്. ചെർക്കപ്പാറ സ്കൂളിന് സമീപത്തെ കുളത്തിൽ നാലംഗ സംഘമാണ് അഞ്ചുമണിയോടെ കുളിക്കാനിറങ്ങിയത്.

കുളത്തിൽ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസർഗോഡ് നിന്നുമുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.