മത ജീവിതത്തിന്റെ ഒരു വിധ അസ്‌കിതയും പിടികൂടാത്ത കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനാണ്, അയാളെയാണ് ഇന്ന് സിപിഎം ജില്ലാ നേതാവ് മത തീവ്രവാദി എന്ന് വിളിച്ചത്, ഷെജിനെക്കുറിച്ചു കുറിപ്പ്

വ്യത്യസ്ത മതത്തില്‍ പെട്ട രണ്ട് മനുഷ്യര്‍ തമ്മിലുള്ള പ്രണയ വിവാഹം സംസ്ഥാനത്ത് ലവ് ജിഹാദ് എന്ന പേരില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. വിദേശത്ത് നഴ്‌സായി ജോലി ചെയ്തിരുന്ന ജ്യോത്സനയും സിപിഎം നേതാവായ ഷെജിനും വിവാഹതിര്‍ ആയതിന് പിന്നാലെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ സിപിഎം നേതാവ് ജോര്‍ജ് എം തോമസ് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞതും മറ്റും പ്രശ്‌നത്തെ രാഷ്ട്രീയമാക്കി മാറ്രി. ഇപ്പോഴിതാ, ഷെജിനെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ആബിദ് അടിവാരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

‘ഇന്ന് സിപിഎം നേതാവ് ജോര്‍ജ്ജ് എം തോമസ് സുഡാപ്പി എന്ന് നീട്ടിവിളിച്ച ഷെജിനെ എനിക്കറിയാം. കമ്മ്യുണിസ്റ്റുകാരന്‍ ക്രിസ്ത്യന്‍ പെണ്ണിനെ കൊണ്ടുപോയതിന് മുസ്ലിം സംഘടനകള്‍ക്ക് നേരെ ആരോപണം ഉന്നയിക്കാന്‍ ആ മനുഷ്യരെ പഠിപ്പിച്ചത് ജോര്‍ജ്ജ് നേതൃത്വം നല്‍കിയ സിപിഎമ്മാണ്.’ – ആബിദ് കുറിക്കുന്നു

പോസ്റ്റ് പൂര്‍ണ്ണ രൂപം, ഹിന്ദുത്വ കമ്മ്യുണിസ്റ്റുകളുടെ പ്രണയ ‘പരിമിതികള്‍’…. ഇന്ന് സിപിഎം നേതാവ് ജോര്‍ജ്ജ് എം തോമസ് സുഡാപ്പി എന്ന് നീട്ടിവിളിച്ച ഷെജിനെ എനിക്കറിയാം, അവന്റെ ഉമ്മ കുല്‍സുവിന്റെ കയ്യും പിടിച്ച് അടിവാരം അങ്ങാടിയില്‍ വരുന്ന കാലം മുതല്‍ കാണുന്നവനാണ്. കഷ്ടപ്പാടുകളോട് പൊരുതി ജീവിച്ച കുട്ടിയാണ്, പിന്നീട് കോഴിക്കോട് പോളിയിലെ പഠന കാലത്ത് എസ്എഫ്ഐ നേതാവാകുകയും, തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവാകുകയും കോടഞ്ചേരി പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തവനാണ്. മത ജീവിതത്തിന്റെ ഒരു വിധ അസ്‌കിതയും പിടികൂടാത്ത കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനാണ്,അയാളെയാണ് ഇന്ന് സിപിഎം ജില്ലാ നേതാവ് മത തീവ്രവാദി എന്ന് വിളിച്ചത്, ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രെണ്ടിന്റെയും ചട്ടുകമായി ഷെജിനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.

സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന, മതത്തിനും ജാതിക്കും ലിംഗത്തിനും പോലും അതീതമായ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന SFI പോസ്റ്ററുകള്‍ നമ്മുടെ കാമ്ബസുകളില്‍ ഇപ്പോഴുമുണ്ട്, മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് പുറത്തു ചാടി വിവാഹിതരാകുന്നവരെ ആഘോഷപൂര്‍വ്വം ആനയിക്കുന്ന DYFI പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലും തെരുവോരങ്ങളിലും ധാരാളം കാണാനുണ്ട്. എന്നിട്ടുമെന്തേ ഷെജിന്‍ ഒരു ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ പ്രയാസം..?, മിശ്ര വിവാഹം മതമൈത്രി തകര്‍ക്കും എന്ന സംഘികളുടെ തിയറി കൂടി ഏറ്റു പറഞ്ഞിട്ടുണ്ട് സിപിഎം നേതാവ്.

പലവട്ടം ഈ വാളില്‍ അത് പറഞ്ഞിട്ടുണ്ട്, ദേശീയ തലത്തില്‍ മുസ്ലിം അപരവല്കരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന ‘വിജയകരമായ’ പരീക്ഷിണത്തിന്റെ കേരള മോഡല്‍ നടപ്പാക്കുന്നത് സിപിഎമ്മാണ്, മുസ്ലിം അപരവല്കരണത്തിലൂടെ ഹിന്ദു ക്രിസ്ത്യന്‍ പോളറൈസേഷന്‍ സൃഷ്ട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത്. ആ പരീക്ഷണം ഏറ്റവും വിജയകരയായി നടന്ന ഒരു മണ്ഡലമാണ് ഞാനും ഷെജിനുമൊക്കെ ജീവിക്കുന്ന തിരുവമ്ബാടി യുഡിഎഫിന്റെ മുസ്ലിം സ്ഥാനാര്‍ഥിക്കെതിരെ വീടുകള്‍ തോറും കയറി വര്‍ഗീയ പ്രചരണം നടത്തിയിട്ടുണ്ട് സിപിഎം, അതിന്റെ അലയൊലിയാണ് ഇന്നലെ കോടഞ്ചേരിയില്‍ കണ്ടത്. കേരളത്തില്‍ വിവാദം സൃഷ്ട്ടിച്ച പല മിശ്രവിവാഹങ്ങളും നടന്നിട്ടുണ്ട് പക്ഷെ ആദ്യമായാണ് ഒരു മത വിഭാഗം മത പുരോഹിതരുടെ നേതൃത്വത്തില്‍ സംഘടിച്ച് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്, കമ്മ്യുണിസ്റ്റുകാരന്‍ ക്രിസ്ത്യന്‍ പെണ്ണിനെ കൊണ്ടുപോയതിന് മുസ്ലിം സംഘടനകള്‍ക്ക് നേരെ ആരോപണം ഉന്നയിക്കാന്‍ ആ മനുഷ്യരെ പഠിപ്പിച്ചത് ജോര്‍ജ്ജ് നേതൃത്വം നല്‍കിയ സിപിഎമ്മാണ്.

കേരളാ പോലീസും എന്‍ ഐ എ യും കര്‍ണാടക പോലീസുമെല്ലാം അന്വേഷിച്ച് ഹിന്ദു തീവ്രവാദ സംഘടനകളുടെ കെട്ടിച്ചമച്ച ആരോപണം മാത്രമെന്ന് റിപ്പോര്‍ട്ട് കൊടുത്ത ലവ് ജിഹാദ് സിപിഎം ഇനിയും വിട്ടിട്ടില്ല, അവരുടെ നേതാവായ വിഎസ് അച്യുതാനന്ദന്‍ നട്ടു വളര്‍ത്തിയ ആ വിഷച്ചെടി ആവശ്യം വരുമ്‌ബോള്‍ ഉപയോഗിക്കാന്‍ ആ പാര്‍ട്ടി സൂക്ഷിച്ചു വെച്ചതിന് തെളിവാണ് ഇന്ന് തിരുവമ്ബാടി സിപിഐഎമ്മില്‍ നിന്ന് കേട്ടത്. പാര്‍ട്ടി രേഖകളില്‍ ലവ് ജിഹാദ് ഉണ്ടെന്നാണ് ജോര്‍ജ് ആധികാരികമായി പറഞ്ഞത്, അതായത് ജോര്‍ജിന്റേത് നാക്കുപിഴയല്ല, പാര്‍ട്ടി നയമാണ്.

ഷൂ നക്കരുത് എന്നെഴുതി വെച്ചതിന് കേസെടുത്ത, പൗരത്വ സമരകാലത്ത് സ്വന്തം കടയടച്ച് വീട്ടില്‍ പോയ വ്യാപാരികള്‍ക്കെതിരെ കേസെടുത്ത, ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെ എന്നെഴുതി വെച്ചതിനെ കേസെടുത്ത ഒരു ആഭ്യന്തര വകുപ്പ് കേരളത്തില്‍ നിര്‍മ്മിച്ചെടുത്ത സിപിഎമ്മിന്റെ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് പോളറൈസേഷന്‍. മതത്തിന്റെ വേലിക്കെട്ട് പൊളിക്കാന്‍ സിപിഎം ആഹ്വാനം ചെയ്യുമ്‌ബോള്‍ അത് ഇസ്ലാം മതത്തിന്റെ വേലിക്കെട്ട് മാത്രമാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സഖാക്കള്‍ക്കുണ്ടാവണം. തിരുവമ്ബാടി MLA ലിന്റോ ജോസഫ് ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ ഒരു ബുദ്ധിമുട്ടും തോന്നാത്ത സിപിഎമ്മിനും ക്രിസംഘികള്‍ക്കും മുസ്ലിം ഉമ്മക്ക് ജനിച്ച ഷെജിന്‍ ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്നത് അപരാധമായി തോന്നുന്നത് കൊടിയ വര്‍ഗീയതയാണെന്ന് മനസ്സിലാവണം.

സിപിഎമ്മിലെ മുസ്ലിംകളുടെ ഗതികേടിനെകുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്, മുസ്ലിംകളെ ഇനി ആവശ്യമില്ല എന്ന് ബോധമുള്ളവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു കഴിഞ്ഞ ഒരു പാര്‍ട്ടിയില്‍ തുടരുമ്‌ബോഴുള്ള പ്രയാസം അവര്‍ അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനത്തിന് അയക്കുന്നതാണ് എന്ന് എളമരം കരീമിന് പറയേണ്ടി വരുന്നത്, എ എ റഹീമിന് ഒന്ന് വീതം മൂന്ന് നേരം ജമാഅത്തെ ഇസ്ലാമിയാണ് ഏറ്റവും വലിയ ഭീഷണി എന്ന് പ്രസംഗിക്കേണ്ടി വരുന്നത്, എന്റെ പോസ്റ്റിനടയില്‍ വന്ന് പേയിളകിയ പോലെ മൗദൂദി തീവ്രവാദി എന്ന് മാപ്ലാവുകള്‍ക്ക് ആക്രോശിക്കേണ്ടി വരുന്നത് തന്നെ വേണ്ടാത്തിടത്താണ് നില്‍ക്കുന്നത് എന്ന ഫ്രസ്ട്രേഷനില്‍ നിന്നാണ്, അതിനിയും മനസ്സിലാകാത്തവര്‍ ഷിജിനോട് ചോദിച്ചാല്‍ മതി. പാര്‍ട്ടിക്കപ്പുറം ഒരു മതവും ഇല്ലാതെ ജീവിച്ച അയാള്‍ക്ക് താന്‍ കോടിയേരി മുന്നറിയിപ്പു നല്‍കിയ, നുഴഞ്ഞു കയറിയ സുഡാപ്പിയല്ല എന്ന് പാര്‍ട്ടിക്ക് മുമ്ബില്‍ തെളിയിക്കേണ്ടി വരും.

ഫാസിസ്റ്റ് കാലത്ത് രാജ്യത്തിന് മുഴുവനും പ്രതീക്ഷ നല്‍കാന്‍ കഴിയുമായിരുന്ന ഒരു ഇടതുപക്ഷ പ്രസ്ഥാനമായി നിലകൊള്ളേണ്ടിയിരുന്ന ഒരു പാര്‍ട്ടിയാണ് പാര്‍ട്ടി മുതലാളിമാരുടെ കൊള്ളരുതായ്മകളുടെയും ദുരാഗ്രഹങ്ങളുടെയും പേരില്‍ ഒരു വലതു പക്ഷ തീവ്രവാദി പ്രസ്ഥാനത്തിന്റെ അരികുപറ്റി വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തേണ്ടി വന്നത്, രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള വലിയ പാഠമായിരിക്കും സിപിഎമ്മിന്റെ ജീര്‍ണ്ണതയും പതനവും. ലവ് ജിഹാദ് ആരോപണമൊക്കെ എല്ലാവരും മറന്നു എന്ന് കരുതുന്നവരുണ്ടാകും, ക്രിസ്ത്യന്‍ ബെല്‍റ്റില്‍ അതിപ്പോഴും സജീവമാണ്, ബിഷപ്പുമാര്‍ നേരിട്ടിറങ്ങിയാണ് വിഷപ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഷെജിനും ജോയ്‌സനും വിവാഹ മംഗളാശംസകള്‍…
-ആബിദ് അടിവാരം