അവസാനമായി മകനെ ഒന്ന് തൊടാനാകാതെ അന്ത്യചുംബനം നല്‍കാനാകാതെ മനസില്‍ നൂറുമ്മ നല്‍കി അച്ഛന്‍

തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ദുരിതത്തിലായത് പ്രവാസികളാണ്. ഉറ്റവരുടെ വേര്‍പാടില്‍ പൊട്ടിക്കരയാം എന്നല്ലാതെ നേരില്‍ കാണുവാനോ അന്ത്യ ചുംബനം നല്‍കുവാനോ കഴിയുന്നില്ല. വന്ദേഭാരത് മിഷന്‍ ആരംഭിച്ചതോടെ പ്രവാസികള്‍ തിരികെ എത്തി തുടങ്ങി. ഇത്തരത്തില്‍ ഗള്‍ഫില്‍ നിന്നും വില്യംസ് എത്തിയപ്പോള്‍ കാണാനായത് ചേതനയറ്റ മകന്റെ ശരീരമായിരുന്നു. എന്നാല്‍ അവനെ ഒന്ന് തൊടാന്‍ പോലും വില്യംസിന് ആയില്ല.

വന്ദേഭാരത് മിഷനില്‍ മറ്റൊരാള്‍ നല്‍കിയ ടിക്കറ്റിലാണ് വില്യംസ് പറന്നെത്തിയത്. എന്നാല്‍ ആ സമയം ക്വാറന്‍ീനില്‍ പോകേണ്ടി വന്നതിനാല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പൊന്നോമല്‍ സാവിയോയെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ അധികം വൈകാതെ പപ്പയെ ഒരു നോക്ക് കാണുക പോലും ചെയ്യാതെ സാവിയോ യാത്രയായി. വില്യംസം ഭാര്യ ജാനറ്റും രണ്ട് വയസുകാരന്‍ മകന്‍ സാവിയോയും ഗള്‍ഫില്‍ ഒന്നിച്ചാണ് താമസിച്ച് വന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജാനറ്റ് മകന്‍ സാവിയോയുമായി നാട്ടിലേക്ക് പോന്നു. ഇതിനിടെ സാവിയോയ്ക്ക് തലച്ചോര്‍ സംബന്ധിച്ച് അസുഖം കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗഗം മൂര്‍ച്ഛിക്കുകയായിരുന്നു.

ഈ സമയം കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ വില്യംസിന് മകന്റെ അരികിലെത്താനായില്ല. വിദേശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് വിമാനത്തിലും ടിക്കറ്റ് ലഭിച്ചില്ല. വില്യംസിന്റെ സങ്കടം സോഷ്യല്‍ മീഡിയകളിലൂടെ അറിഞ്ഞ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍ കുമാര്‍ തവനിക്ക് ലഭിച്ച ടിക്കറ്റ് വില്യംസിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വില്യംസ് തിരുവനന്തപുരത്ത് വിമാനമിറങ്ങി. എന്നാല്‍ വിദേശത്ത് നിന്നും എത്തിയതിനാല്‍ വില്യംസ് നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ കോളിലൂടെയാണ് ഇദ്ദേഹം മകനെ കണ്ടിരുന്നത്. ഇതിനിടെ ഇന്നലെ രാവിലെ മകന്‍ സാവിയോ മരിക്കുകയായിരുന്നു.

മകന്റെ അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ വില്യംസിന് തടസമായി. തുടര്‍ന്ന് വില്യംസിനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്നു എല്ലാവരെയും അല്‍പം മാറ്റി നിര്‍ത്തിയ ശേഷം അച്ഛനെ മകന്റെ അരികില്‍ ഇരുത്തി. എന്നാല്‍ മകനെ തൊടാനോ അന്ത്യ ചുംബനം നല്‍കാനോ വില്യംസിന് സാധിച്ചില്ല. തുടര്‍ന്ന് വില്യംസ് പോയ ശേഷം വീട് അണുവിമുക്തമാക്കിയ ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.