കൊറോണ തമാശയല്ല; ഗുരുതരമായാല്‍ കൈവിട്ടുപോകും; ഫുട്‌ബോള്‍ താരം ലീ ഡഫി

കൊറോണയെ ആരും തമാശയായി കാണരുതെന്ന് ഐറിഷ് ഫുട്‌ബോള്‍ താരം ലീ ഡഫി. ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഗുരുതരമായാല്‍ അത്ര ലഘുവല്ല ഈ അസുഖം. എന്തുചെയ്യണമെന്നോ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോ മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാന്‍… ലീ പറയുന്നു.

ഐറിഷ് ലീഗില്‍ വാറന്‍പോയിന്റ് ടൗണ്‍ എഫ്‌സിയുെട താരമായിരുന്നു ലീ. രണ്ടാഴ്ച മുന്‍പായിരുന്നു ഇരുപത്തെട്ടുകാരനായ ലീയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രി വാസത്തിന് ശേഷം തിരിച്ചെത്തിയ ലീ തന്റെ ആശുപത്രി ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയായിരുന്നു താന്‍ ശ്വസിച്ചിരുന്നതെന്നും വൈറസ് വ്യാപനത്തെ തമാശയായി കാണരുതെന്നും സ്വന്തം അനുഭവത്തില്‍ നിന്നും താരം പങ്കുവയ്ക്കുകയാണ്.

‘നിങ്ങളിൽ ചിലർക്ക് അറിയാവുന്നതുപോലെ രണ്ടാഴ്ച മുൻപാണ് എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് അവിടെ എന്റെ ജീവൻ നിലനിർത്തിയത്. കാരണം എനിക്കു സ്വയം ശ്വസിക്കാൻ കഴിയുമായിരുന്നില്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ പകച്ചുപോയ നിമിഷങ്ങൾ.

ഭാഗ്യവശാൽ, ബുദ്ധിമുട്ടേറിയ ഈ ഘട്ടം അതിജീവിക്കാനായി. ഇപ്പോൾ കുറച്ചൊക്കെ ഭേദമുണ്ട്. എല്ലാവരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ. ഇതിനെ (കൊറോണ വൈറസ് വ്യാപനത്തെ) തീരെ ലഘുവായി കാണരുത്. ഇത് അതിഗൗരവമുള്ള വിഷയമാണ്’ – ഡഫി ട്വിറ്ററിൽ കുറിച്ചു

ലീയുടെ പോസ്റ്റിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബും ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചു. ലീയ്്ക്ക് ഇപ്പോള്‍ രോഗം പൂര്‍ണ്ണമായി ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും ഭാഗ്യംകൊണ്ട് ബുദ്ധിമുട്ടേറിയ ഈ ഘട്ടം അതിജീവിക്കാനായി എന്നും താരം പറഞ്ഞു.