കൊല്ലത്ത് നിരീക്ഷണത്തിലുള്ളയാള്‍ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു; നഴ്സിനെ ആക്രമിച്ചു

കൊല്ലത്ത് വനിത ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാളുടെ ആക്രമണത്തില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ശുശ്രൂഷിക്കാന്‍ ചുമതലയുണ്ടായിരുന്ന നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ ആശ്രാമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇയാള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ നഴ്‌സുമാരോട് ഇയാള്‍ വെള്ളവും ചായയും ആവശ്യപ്പെട്ടു. ഇവര്‍ ഇയാള്‍ക്ക് വെള്ളം നല്‍കി. ഇയാളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ ചായ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ വീട്ടില്‍നിന്ന് ആരും എത്തിയില്ല. തുടര്‍ന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോടു പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.

പിന്നീട് ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തിയ ഇയാള്‍, കൈലി ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. കൂടാതെ ഗ്രില്ലിലൂടെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ചെന്നു. അകത്തു കയറിയ നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാതിലിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. ഇതിനെ തുടര്‍ന്ന് കൈ മുറിഞ്ഞെങ്കിലും ഡ്രസ് ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ പോലീസ് വന്നപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുകയും ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് ഇയാള്‍ക്ക് മെന്റല്‍ ഡിപ്രഷന്‍ ഉള്ളപോലെ തോന്നിയിരുന്നെങ്കിലും പോലീസ് എത്തിയപ്പോള്‍ വളരെ സമാധാനപൂര്‍ണമായാണ് സംസാരിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.