അച്ഛനെ ആശുപത്രിയിലാക്കാന്‍ വീട്ടിലെത്തണം, തൃശ്ശൂരില്‍നിന്ന് ചാവറയിലേക്ക് അഞ്ച് കാറുകളില്‍ കയറി കാര്‍ത്തികയുടെ യാത്ര

ഹരിപ്പാട്: ലോക്ക് ഡൗണില്‍ മലയാളികള്‍ വീടിനുള്ളില്‍ ഒതുങ്ങുമ്പോള്‍ അച്ഛനെ ആശുപത്രിയില്‍ എത്തിക്കാനായി മകള്‍ ചെയ്തതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അച്ഛനെ ആശുപത്രിയില്‍ കൊണ്ടു പോകാനായി വീട്ടില്‍ എത്താനായി സഹായത്തിനായി പലരെയും വിളിച്ചു എന്നാല്‍ ആരും സഹായത്തിന് എത്തിയില്ല. കൊല്ലം ചാവറയിലെ വീട്ടിലുള്ള അച്ഛനെ അവിടെ എത്തിയിട്ട് വേണമായിരുന്നു മകള്‍ക്ക് ആശുപത്രിയിലാക്കാന്‍. ഒടുവില്‍ കൊല്ലത്തുള്ള അരുണ്‍രാജ് ആണ് സഹായിച്ചത്. ഇതോടെ തൃശ്ശൂരില്‍ നിന്നും കൊല്ലം ചാവറയിലെ വീട്ടിലേക്കുള്ള യാത്രയില്‍ അഞ്ചര മണിക്കൂറില്‍ അഞ്ച് കാറുകള്‍ മാറി കയറി. ഒടുവില്‍ വീട്ടില്‍ എത്തി.

കൊല്ലത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ജേര്‍ണലിസം വിദ്യാര്‍ഥിനി ചവറ നല്ലേത്ത് മുക്ക് ബിന്ദുഭവനം കാര്‍ത്തികാ പ്രകാശിന് വീട്ടിലെത്താന്‍ സഹായം ചെയ്തത്. അലക്കിത്തേച്ച ഖദറിനോട് എന്നും ഒരു അകല്‍ച്ചയായിരുന്നെന്നും എന്നാല്‍, ഇന്ന് അവരോട് ബഹുമാനമാണെന്നും ഈ യാത്രയെപ്പറ്റി കാര്‍ത്തിക ഫേസ് ബുക്കില്‍ കുറിച്ചു.

തൃശ്ശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്ടിലെ ബി. എ. ജേര്‍ണലിസം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക. ലോക്ക് ഡൗണിന് പിന്നാലെ ഹോസ്റ്റലില്‍ നിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറ്റി. വിമുക്തഭടനായ അച്ഛന്‍ ജയപ്രകാശ് കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായി. അടിയന്തരമായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കണമായിരുന്നു.. അമ്മ ബിന്ദു അച്ഛനുമായി പോകാന്‍ ഒരുങ്ങി. പക്ഷേ അങ്ങനെ പോയാല്‍ വീട്ടില്‍ കാര്‍ത്തികയുടെ ഇളയ സഹോദരി ഒമ്പതാം ക്ലാസുകാരി ഗൗരി തനിച്ചാകും. ആശുപത്രിയിലേക്ക് ഗൗരിയെ കൂട്ടാമെന്ന് വെച്ചാല്‍ കൂടുതല്‍പേര്‍ ഒന്നിച്ചുള്ള യാത്ര ആരോഗ്യപ്രവര്‍ത്തകര്‍ വിലക്കി. ഇതോടെയാണ് എങ്ങനെയും വീട്ടിലെത്താന്‍ കാര്‍ത്തിക തീര്‍ച്ചപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജനീഷ് ഇടപെട്ട് പ്രവീണ്‍ എന്ന പ്രവര്‍ത്തകനെ കാര്‍ത്തികയുടെ താമസസ്ഥലത്തേക്കയച്ചു. പ്രവീണിനൊപ്പം കാറില്‍ ആലുവയിലിറങ്ങി. അവിടെനിന്ന് എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹസീന്‍ ഖാലിദ് കാര്‍ത്തികയെ വൈറ്റിലയിലെത്തിച്ചു. ഗംഗാ ശങ്കറെന്ന പ്രവര്‍ത്തകന്‍ വൈറ്റിലയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ചേര്‍ത്തലയിലിറങ്ങി. തുടര്‍ന്ന് രൂപേഷ്, വിമല്‍ എന്നിവര്‍ചേര്‍ന്ന് ഹരിപ്പാടിനടുത്ത് തോട്ടപ്പള്ളിയില്‍ കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലും പ്രവര്‍ത്തകനായ മിഥുനും പിന്നീട് കൊല്ലത്തെ വീട്ടിലെത്തിച്ചു. കാര്‍ത്തിക വീട്ടിലെത്തിയതിന് പിന്നാലെ അമ്മ ബിന്ദു അച്ഛനുമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയി. കാര്‍ത്തിക രണ്ടാഴ്ച വീട്ടിലിരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരിക്കുന്നത്.