കൊച്ചിയില്‍ പെണ്‍കെണി സംഘം സജീവം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തുടക്കം

കൊച്ചി:സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ഉന്നതരെ കാത്ത് പെണ്‍കെണികള്‍ സജീവമെന്ന് സൈബര്‍ സെല്ലിന്റെ മുന്നറിയിപ്പ്.പോലിസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വന്‍കിട ബിസിനസുകാരും കരുതിയിരിക്കണം എന്ന് സൈബര്‍ പോലീസ് പറയുന്നു.ഇത്തരത്തില്‍ പെണ്‍കെണിയില്‍ അകപ്പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടമായവര്‍ സംസ്ഥാനത്തുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.ഫേസ്ബുക്കിലൂടെയാണ് പെണ്‍കെണി സംഘം ഇരകളെ തേടി പിടിക്കുന്നത്.പരിചയപ്പെട്ട ശേഷം വീഡിയോ ചാറ്റിന് ഇരകളെ ക്ഷണിക്കുകയാണ് പതിവ്.പിന്നീട് വീഡിയോ ചാറ്റ് സംസാരങ്ങളും മറ്റും അതിരു വിട്ടുകഴിയുമ്പോള്‍ ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും.പിന്നീട് വില പേശുക പുരുഷന്മാരാണ്.ചാറ്റിലെ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്നും ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും.കുടുങ്ങിയവര്‍ മാനക്കേട് ഓര്‍ത്ത് പണം നല്‍കുകയും പരാതി നല്‍കാതിരിക്കുകയും ചെയ്യും.

ഫേസ്ബുക്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേര് ദുരുപയോഗം ചെയ്തും വലിയ തട്ടിപ്പ് നടക്കുന്നുണ്ട്.നിരവധി പോലീസ്,സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടാനായുള്ള വന്‍ ശ്രമമാണ് നടക്കുന്നത് എന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.സമൂഹത്തില്‍ ഉന്നതരും മാന്യരുമായ വ്യക്തികളുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ ശേഷം അവരുടെ സുഹൃത്തുക്കളില്‍ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചു തരാന്‍ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.ഉദ്യോഗസ്ഥരുടെയും മറ്റും വ്യക്തിപരമായുള്ള അക്കൗണ്ടുകള്‍ ആണ് ഇവര്‍ സൃഷ്ടിച്ചെടുക്കുന്നത്.

രാജസ്ഥാന്‍,ബിഹാര്‍,അസം,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകള്‍ നിര്‍മിച്ചതെന്ന് സൈബര്‍ പൊലീസും സൈബര്‍ ഡോമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.ജാര്‍ഖണ്ഡിലെ ജംതാരയില്‍ ഇത്തരം തട്ടിപ്പുകാര്‍ ഒട്ടേറെയാണ്.പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നാണ് പുറത്തെത്തുന്ന വിവരം.അതേസമയം,പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാന്‍ വഴിയില്ലെന്നു പൊലീസ് പറയുന്നു.