ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി, മികച്ച പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലും ത്രിപുരയിലും

ലോക്സഭാ തെരഞ്ഞെടുപ്പി​ന്റെ ആദ്യഘട്ടം പൂർത്തിയായി. 16 സംസ്ഥാനങ്ങളിൽ നടന്ന വോട്ടെട്ടുപ്പിൽ വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലും ത്രിപുരയിലുമാണ് മികച്ച പോളിങ് നടന്നത്. ബംഗാളിൽ 77.57 ശതമാനവും ത്രിപുരയിൽ 76.10 ശതമാനവും പേർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ബിഹാറിൽ ആണ്. 43.32% വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടിൽ 62.08 ശതമാനം പോളിങ് രേഖപ്പെടുത്തി.തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.

രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, സർബാനന്ദ സോനോവാൾ തുടങ്ങിയവർ ഒന്നാം ഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ.