ഐ ഫോൺ വേണമെന്ന് പറഞ്ഞിട്ട് കാമുകൻ വാങ്ങി നൽകിയില്ല, പകരം കാമുകന്റെ സുഹൃത്തിന്റെ ഐ ഫോൺ അടിച്ചുമാറ്റി വിദ്യാർത്ഥിനി

തൃക്കാക്കര : കാമുകനോട് ഐ ഫോൺ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിട്ട് ഫലമുണ്ടായില്ല. ഇതോടെ കാമുകന്റെ സുഹൃത്തിന്റെ ഐ ഫോൺ അടിച്ചുമാറ്റി വിദ്യാർത്ഥിനി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് തന്ത്രപൂർവം യുവാവിന്റെ ഫോൺ കൈക്കലാക്കിയത്. തന്റെ ഒരു ലക്ഷം രൂപ വില വരുന്ന ആപ്പിൾ ഐ ഫോൺ സുഹൃത്തിന്റെ കാമുകി മോഷ്ടിച്ചുവെന്നായിരുന്നു ഇൻഫോപാർക്ക് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി.

തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കൊല്ലം സ്വദേശിനിയായ കാമുകിയെ യുവാവിന്റെ സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാക്കനാട്ടെ ഹോസ്റ്റലിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. താൻ എത്തിയ വിവരം അറിയിക്കാൻ കാമുകനെ വിളിക്കാനായി യുവതി സുഹൃത്തിനോട് ഫോൺ ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടി ഫോണുമായി ഹോസ്റ്റലിനുള്ളിലേക്ക് പോയി.

ഏറെനേരം കാത്തു നിന്നിട്ടും യുവതി തിരികെയെത്തിയില്ല. തുടർന്ന് യുവാവ് ലേഡീസ് ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരോട് കാര്യം പറഞ്ഞു. എന്നാൽ യുവാവ് പറഞ്ഞത് വിശ്വസിക്കാൻ ഹോസ്റ്റൽ അധികാരികൾ തയ്യാറായില്ല. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഫോൺ താൻ എടുത്തിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഒടുവിൽ ചോദ്യം ചെയ്യലിനൊടുവിൽ താൻ ഫോൺ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി യുവതി പറഞ്ഞു.

കൂട്ടുകാരിയുടെ ഉപദേശത്തെ തുടർന്നായിരു യുവതി അവസാനം തുറന്നു പറഞ്ഞത്. ഇനി ഫോൺ തിരിച്ചു കൊടുത്താൽ മോഷണക്കുറ്റത്തിന് പ്രതിയാകേണ്ടി വരില്ലെന്നായിരുന്നു കൂട്ടുകാരിയുടെ ഉപദേശം. പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടത്താനായില്ല. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഒടുവിൽ വീട്ടുകാർ പണം നൽകാം എന്ന് പറഞ്ഞ് കേസൊതുക്കുകയായിരുന്നു.