നിർണായക വിവരങ്ങൾ ലഭിച്ചു, സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും ശേഖരിച്ചു വരുന്നുവെന്ന് ഐജി

കൊല്ലം : കഴിഞ്ഞ ദിവസം ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ. അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. വിവിധ ടീമുകളായി തിരിച്ചും തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ വ്യാജമാണെന്നും ഐജി വ്യക്തമാക്കി. രണ്ടാമത്തെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പരിശോധന മുന്നോട്ട് പോകുന്നത്. സ്വിഫ്റ്റ് കാറാണെന്നാണ് ഇപ്പോൾ മനസിലാക്കാൻ സാധിച്ചത്. ഇതുവരെ കുട്ടിയെ ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കി.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാ ചിത്രവും വൈകാതെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട ആളുടെ ചിത്രമാണ് പുറത്തുവിട്ടത്.

അതേസമയം, എറണാകുളം പെരുമ്പാവൂരിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് ഇന്ന് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇരുവരെയും കാണാതായത്.

തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയ്‌ക്ക്‌ സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയങ്കിലും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.