വാക്‌സിനേഷൻ ചെയ്യാതിരിക്കാൻ യു പിയിലെ ഗ്രാമവാസികൾ നദിയിൽ ചാടി

കൊവിഡ് വാക്സിൻ ദൗർലഭ്യം നേരിടുമ്പോൾ വാക്‌സിനേഷൻ ചെയ്യാതിരിക്കാൻ നദിയിൽ ചാടി ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ ബാരബങ്കിയിലാണ് വാക്‌സിൻ കുത്തിവെപ്പ് നൽകാൻ അധികൃതർ ഗ്രാമത്തിലെത്തിയപ്പോൾ ഒരുകൂട്ടമാളുകൾ സരയൂ നദിയിലേക്ക് ചാടിയത്.

14 പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചതെന്നു രാംനഗർ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു. വാക്‌സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും അവർക്കിടയിൽ പരന്നിരുന്നു. വാക്സിൻ എന്ന പേരിൽ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ തെറ്റിദ്ധാരണ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം നേരിടുമ്പോഴാണ് സംഭവം. ബാരബങ്കിയിലെ ജനങ്ങൾ വാക്സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവർത്തകർ ഗ്രാമത്തിലെത്തി ബോധവൽക്കരണം നടത്താൻ ശ്രമിച്ചിരുന്നു.