ഇസ്രായേൽ- ഇറാൻ സംഘർഷം, ഇസ്രായേലിലേക്ക് സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽ​ഹി : ഇസ്രായേലിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ. ഇസ്രായേൽ- ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ തീരുമാനം. ഈ മാസം 30 വരെയാണ് സർവീസുകൾ നിർത്തിവച്ചത്. ഇന്ത്യയിൽ നിന്ന് ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് നിർത്തിവച്ചിരിക്കുന്നത്.

ഡൽഹി- ടെൽഅവീവ് വിമാന സർവീസ് നിർത്തിവച്ചതായി എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ടെൽഅവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു. അതേസമയം ദുബൈയിലേക്കുള്ള വിമാനസർവീസും എയർ ഇന്ത്യ നിർത്തിവെച്ചു.

യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ദുബൈ എയർപോർട്ടിന്‍റെ റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സർവിസുകളാണ് ഇതുകാരണം മുടങ്ങിയത്. ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ ദുബൈയിൽനിന്നുള്ള സർവിസുകളും എയർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കുകയായിരുന്നു.

ബുക്ക് ചെയ്ത ടിക്കറ്റുകൾ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നും എയർ ഇന്ത്യ എക്സിൽ അറിയിച്ചു.