പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ്, ഓട്ടോ വിളിച്ച് പൊയ്‌ക്കോളാന്‍ നിര്‍ദേശം

കട്ടപ്പന. ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രക്കരായ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ്. പിക്കപ് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പോലീസിനോട് ആശുപത്രിയില്‍ എത്തിക്കാന്‍ സാഹായം ചോദിച്ചപ്പോള്‍ ജീപ്പില്‍ കയറ്റാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറഞ്ഞത്. ജീപ്പില്‍ കയറ്റാന്‍ സാധിക്കില്ല ഓട്ടോ വിളിച്ച് പൊയ്‌ക്കോളും എന്നായിരുന്നു മറുപടി.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസുകാരനെതിരെ പ്രതിഷേധം ശക്തം. ശനിയാഴ്ച രാത്രി 10.30 ഓടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. ജൂബിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുവാക്കള്‍ ടൗണിലേക്ക് എത്തുന്നതിനിടെ പിക്കപ്പ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുന്നതിതിനിടെയാണ് പോലീസ് എത്തിയത്.

പരിക്കേറ്റ ഒരാളെ എടുത്തുകൊണ്ട് ജീപ്പിന് അടുത്തേക്ക് നാട്ടുകാര്‍ എത്തിയെങ്കിലും ജീപ്പില്‍ കയറ്റാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പരുക്കേറ്റവരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. ജൂബിന്റെ കാല്‍ ഒടിഞ്ഞിരുന്നു. അഖിലിന്റെ തലയ്ക്കാണ് പരിക്ക്. നെടുങ്കണ്ടം പോലീസാണ് സംഭവ സമയത്ത് അവിടെ എത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.