കര്‍ഷകരെ കേള്‍ക്കണം; സമര ഭൂമിയില്‍ ജിം ഒരുക്കി പിന്തുണയുമായി പഞ്ചാബിലെ കായിക താരങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രണ്ടാഴ്ചയിലേറെയായി തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള കായികതാരങ്ങള്‍. പ്രക്ഷോഭത്തിന് പിന്തുണ നല്‍കി പ്രതിഷേധത്തില്‍ അണി നിരക്കുന്നതിനൊപ്പം പ്രതിഷേധ സ്ഥലത്തിനരികിലായി ഒരു വ്യായാമ കേന്ദ്രം കൂടി ഒരുക്കിയിരിക്കുകയാണ് ഈ കായിക താരങ്ങള്‍.

സിംഗുവിലെ സമരഭൂമിയിലാണ് ഒരുകൂട്ടം കായികതാരങ്ങള്‍ ചേര്‍ന്ന് വ്യായാമ കേന്ദ്രം ഒരുക്കിയത്. പ്രതിഷേധത്തിനിടയിലും സമയം കണ്ടെത്തി കൂട്ടത്തിലെ യുവാക്കളെ വ്യായാമം പരിശീലിപ്പികുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് താരങ്ങള്‍ പറഞ്ഞു. പ്രതിഷേധത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനൊപ്പം ദിവസത്തില്‍ രണ്ടുമണിക്കൂറോളം സമയം ഇവര്‍ വ്യായാമ കേന്ദ്രത്തില്‍ ചെലവഴിക്കുന്നു. വ്യായാമം പഠിക്കാനായി എത്തുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന ഇവര്‍ മികച്ച പരിശീലനവും നല്‍കുന്നു.

കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്. പ്രായമായ കര്‍ഷകര്‍ തുണിയലക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടതിനെത്തുടര്‍ന്ന് കായികതാരങ്ങള്‍ അവര്‍ക്കായി വാഷിംഗ്‌മെഷീന്‍ സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്.

പഞ്ചാബികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന ഒരു ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ തന്നെ ഉന്നയിച്ച ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന കബഡി താരമായ ബിട്ടു സിംഗ് പ്രതികരിച്ചു. പഞ്ചാബിന്റെ ഭാവി മയക്കുമരുന്നിന് അടിപ്പെട്ടിട്ടില്ല. ഞങ്ങള്‍ ആരോഗ്യവാന്മാരാണ്. പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം ഞങ്ങള്‍ പരിശീലനം തുടരുകയും ചെയ്യുന്നുവെന്നും കായിക താരങ്ങള്‍ പ്രതികരിച്ചു.