നാലുമാസം മുന്നെ പരിചയപ്പെട്ട സ്ത്രീയുമായുള്ള മൂന്നാം വിവാഹത്തിന് എത്തിയത് രണ്ടാം ഭാര്യയുടെ കാറില്‍, ട്വിസ്റ്റ്

കല്യാണവീരനായ അഞ്ചാലമൂട് സ്വദേശിയെ മുന്‍ ഭാര്യമാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ടു. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍കുമാറിനെയാണ് ഭാര്യമാര്‍ പിടികൂടിയത്. ആദ്യ ഭാര്യമാര്‍ അറിയാതെ മൂന്നാമത് വീണ്ടും വിവാഹിതാനാകാന്‍ പോയ അനിലിനെ മിനഞ്ഞാന്ന് രാത്രിയാണ് പിടികൂടിയത്. മുപ്പത്തിയെട്ടുകാരനായ അനില്‍ ആദ്യ വിവാഹങ്ങള്‍ മറച്ചു വച്ചാണ് വിവാഹത്തിന് തയ്യാറായി വധുവിന്റെ വീട്ടിലെത്തിയത്. കാഞ്ഞാവെളിയില്‍ നിന്നും ആദ്യ ഭാര്യമാര്‍ ചേര്‍ന്നു പിടികൂടി അനിലിനെ പോലീസില്‍ ഏല്‍പ്പിച്ചു.

ഇയാള്‍ രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് കാഞ്ഞാവെളിയില്‍ മൂന്നാം വിവാഹത്തിനായി വധൂഗൃഹത്തില്‍ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാള്‍ സിആര്‍പിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2005ല്‍ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനില്‍കുമാര്‍ 2014ല്‍ തിരുവനന്തപുരം സ്വദേശിനിയെയും വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം മറച്ചു വച്ച് തന്നെയായിരുന്നു രണ്ടാം വിവാഹവും.

ഇതിനിടെയാണ് നാലു മാസം മുന്‍പ് കാഞ്ഞാവെളിയില്‍ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടതും വിവാഹം ഉറപ്പിച്ചതും. ഇതിന് പിന്നാലെ ഇന്നലെ രാവിലെയാണ് വിവാഹ തീയതിയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഇക്കാര്യം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിക്കുകയും ഇരുവരും ചേര്‍ന്ന് കൊട്ടാരക്കര എസ്പി ഓഫീസില്‍ പരാതി നല്‍കുകയുമായിരുന്നു. എസ്പിയുടെ നിര്‍ദേശ പ്രകാരം പിങ്ക് പോലീസും അഞ്ചാലുംമൂട് പോലീസും ചേര്‍ന്ന് കാഞ്ഞാവെളിയിലെ വീട്ടില്‍ ആദ്യ ഭാര്യമാരുമായെത്തി. ഇവര്‍ ചേര്‍ന്നു അനില്‍കുമാറിനെ ഇവിടെ നിന്നും പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. സിഐ സുധര്‍മ, എസ്സിപിഒമാരായ ലീന, ലിസി എന്നിവരുടെ നേതൃത്വത്തില്‍ അനില്‍കുമാറിനെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് പ്രതിയെ അഞ്ചല്‍ പോലീസിനു കൈമാറി.