ഉമ്മയുടെ വേര്‍പാട് ഇല്ലാതാക്കിയത് ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങളിലെ സന്തോഷത്തെയാണ്, കണ്ണൂര്‍ ഷെരിഫ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് കണ്ണൂര്‍ ഷെരീഫ്. മാപ്പിളപ്പാട്ടുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. സരിഗമപ കേരളയില്‍ മത്സരാര്‍ത്ഥികളുടെ ട്രെയിനര്‍ വിധികര്‍ത്താക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഷെരീഫ്. ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ച് അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഉമ്മയുടെ ഫോട്ടോയ്ക്കൊപ്പമായാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എന്റെ നാലാം വയസ്സില്‍ പ്രിയപ്പെട്ട വാപ്പ മരണപ്പെട്ടപ്പോള്‍ ബാല്യത്തിന്റെ അലസതയില്‍ ഞാന്‍ ആ വേര്‍പാടിന്റെ വ്യാപ്തി അറിഞ്ഞിരുന്നില്ല.

അഥവാ ഉമ്മ അത് ഞങ്ങളെ അറിയിച്ചില്ല. പക്ഷേ, ഉമ്മയുടെ വേര്‍പാട്. അത് ഇല്ലാതാക്കിയത് ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങളിലെ സന്തോഷത്തെയാണ്. ഏതൊരു സന്തോഷവേളയിലും അന്ന് മുതല്‍ ഉള്ള് തുറന്ന് ചിരിക്കാന്‍ കഴിഞ്ഞിട്ടില്ല. നെഞ്ചിലെവിടെയോ ഒരു മുള്ള് കുരുങ്ങിക്കിടക്കുന്ന പ്രതീതിയാണ്. എനിക്കെന്നെല്ല. മാതാപിതാക്കളെ സ്‌നേഹിക്കുന്ന എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരിക്കും

ഒന്നേ പറയാനുള്ളൂ. ജീവിച്ചിരിക്കും കാലമത്രയും അവരെ പൊന്നുപോലെ നോക്കുക. അവരുടെ സന്തോഷമാണ് നമ്മുടെയും സന്തോഷമെന്ന് തിരിച്ചറിയുക. മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളെന്ന രീതിയില്‍ നമ്മുടെ സുവര്‍ണ്ണകാലം. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ ഉമ്മയുടെ മകനായിത്തന്നെ പിറക്കണം. ഇനിയും കൊടുക്കാന്‍ ബാക്കിവെച്ച സ്‌നേഹം മുഴുവനും കൊടുത്തു തീര്‍ക്കണം. പ്രിയ സൗഹൃദങ്ങളേ. നിങ്ങളാണെന്റെ താങ്ങും തണലും. എന്റെ സന്തോഷ-സന്താപങ്ങള്‍ നിങ്ങളോടാണെനിക്ക് പങ്കുവെക്കാനുള്ളത്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്റെ ഉമ്മയെയും ഉള്‍പ്പെടുത്തുവന്‍ അപേക്ഷ എന്നുമായിരുന്നു കണ്ണൂര്‍ ഷെരീഫ് കുറിച്ചത്.