മകൾ ജൂലിയേറ്റ ഇനി ഞങ്ങൾക്കൊപ്പമില്ല, വേദനയോടെ ബ്ലാസ്റ്റേഴ്‌സ് താരം

മകളുടെ വിയോഗത്തിന്റെ വേദന പങ്ക് വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ. മകൾ ജൂലിയേറ്റ കഴിഞ്ഞ ഏപ്രിൽ 9ന് സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടി വിടവാങ്ങിയെന്നാണ് ഇൻസ്റ്റഗ്രാമിലൂടെ താരം അറിയിച്ചത്. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്.

അഗാധമായ സങ്കടത്തോടെ എന്റെ മകൾ ജൂലിയേറ്റയുടെ വിയോഗ വാർത്ത അറിയിക്കുകയാണ്. ഏപ്രിൽ 9നാണ് അവൾ വിടവാങ്ങിയത്. താനും കുടുംബവും കടന്നു പോകുന്നത് അളവറ്റ വേദനയിലൂടെയാണ്. ഇതൊരിക്കലും വിട്ടുപോകില്ല. സ്‌നേഹം നിറഞ്ഞ, കാരുണ്യമുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ ഞങ്ങൾ അവളെ ജീവിതത്തിലെ മാതൃകയായി എപ്പോഴും ഓർക്കും. രോഗത്തോട് പൊരുതുമ്പോഴും എപ്പോഴും അവൾ പുഞ്ചിരി തൂകി.

ജൂലിയേറ്റ, എങ്ങനെ സ്‌നേഹിക്കണമെന്നും ഭയത്തെ എങ്ങനെ നേരിടണമെന്നും ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും ഒരിക്കലും പരാജയം സമ്മതിക്കരുതെന്നും എന്നെ നീ പഠിപ്പിച്ചു. സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നീ പോരാടി. അത് ഞാനൊരിക്കലും മറക്കില്ല’- ലൂണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.