മലയാളി യുവാവിന് വിവാഹ സമ്മാനമായി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി

അബുദാബി: മലയാളി യുവാവിന് ബിഗ്ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം. അജ്മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയില്‍ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറിനെ തേടിയാണ് കോടികളുടെ സമ്മാനമെത്തിയത്. 5,00,000 ദിര്‍ഹമാണ്(ഏകദേശം ഒരു കോടി രൂപ) സമ്മാനമായി ലഭിച്ചത്. തൃശൂര്‍ പെരുമ്പിലാവ് ആനക്കല്ല് സ്വദേശിയായ റെനീഷിന് ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് ഒരു കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയത്.

അടുത്തിടെ വിവാഹിതനായ റെനീഷിന് ഇത് ഇരട്ടി സന്തോഷമായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പാണ് യുവാവ് ദുബായില്‍ എത്തിയത്. യുഎഇയില്‍ എത്തി ആദ്യമാസം മുതല്‍ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പത്ത് സുഹൃത്തുക്കള്‍ക്ക് ഒപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുക്കാറുള്ളത്.

സാധാരണ താനാണ് നമ്പറുകള്‍ തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു സുഹൃത്താണ് നമ്പറുകള്‍ സെലക്ട് ചെയ്തത്. അവധിക്ക് ശേഷം ഭാര്യയുമായി തിരികെ യുഎഇയില്‍ എത്തിയപ്പോള്‍ കൃത്യസമയത്തു തന്നെയാണ് ഈ സമ്മാനത്തുകയും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റെനീഷിന്റെ ഭാര്യ ഷാനിയ ഫാത്തിമയും ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ പറഞ്ഞു. എല്ലാം ഭാഗ്യമാണ് തീരുമാനിക്കുന്നത്. ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ, എപ്പോഴാണ് നിങ്ങളുടെ സമയമാകുന്നതെന്ന് അറിയാന്‍ കഴിയില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു.