ആദം അലിക്ക് കുടിവെള്ളം കൊടുത്തത് തിരിച്ചടി, വീടിന്റെ മുക്കും മൂലയും മനസിലാക്കി, ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിലെത്തി കൊന്നു തള്ളി

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മനോരമയെ കൊന്ന അന്യസംസ്ഥാന തൊഴിലാളി ആദം അലി പിടിയിലാകുമ്പോൾ മനുഷ്യനിൽ ഇനിയും വറ്റാത്ത നന്മയെ മുതലെടുത്ത അനുഭവമാണ് കേശവദാസപുരത്തെ ദിനരാജിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് പാല് കൊടുത്ത കൈക്കു കടിച്ചു. ഏകദേശം രണ്ടു മാസത്തോള കുടിക്കാനുള്ള വെള്ളം ഈ തൊഴിലാളികൾക്ക് നൽകിയ കുടുംബം ആയിരുന്നു ദിനരാജിന്റെയും മനോരമയുടെയും. ആ നന്ദി പോലും ആ സ്ത്രീയോട് കാണിക്കാതെ അതി ക്രൂരമായാണ് ഈ അന്യസംസ്ഥാന തൊഴിലാളി മനോരമയെ കൊന്നു കിണറ്റിൽ ഇട്ടത്.

മനോരമയെ കൊലപ്പെടുത്തിയതിന് ശേഷം കാലിൽ കട്ടകെട്ടി മനോരമയുടെ മൃതദേഹം മതിലിനുമുകളിലൂടെ അടുത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് ഇടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കേസിലെ പ്രധാന പ്രതിയായ ആദം അലിയെ ഇന്നലെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. തിങ്കളാഴ്ച വൈകീട്ടാണ് ഇയാൾ തമ്പാനൂരിൽ നിന്നും ട്രെയിനിൽ ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്.

കഴിഞ്ഞ മാസം അഞ്ചിനാണ് ആദം അലി കേശവദാസപുരത്തെ വീട്ടിൽ ജോലിക്കെത്തിയത്. മനോരമയുടെ വീട്ടിൽ നിന്നാണ് ഭക്ഷണവും മറ്റും പാകം ചെയ്യുന്നതിന് ഇവർ വെള്ളം എടുത്തിരുന്നത്. ഇവിടെ എത്തുന്നതിന് മുമ്പ് പാലക്കാടും കൊല്ലവുമടക്കം പല ജില്ലകളിൽ ജോലി ചെയ്തിരുന്നു. നാലുവർഷമായി ഇയാൾ കേരളത്തിൽ ജോലി ചെയ്യുന്നുവെന്ന് പൊലീസ് കണ്ടെത്തി.

മനോരമയും ഭർത്താവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുടിവെള്ളം ഉൾപ്പെടെ എന്താവശ്യത്തിനും കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കാൻ അനുവാദം നൽകിയിരുന്നു. പണി നടക്കുന്ന കെട്ടിടത്തിൽനിന്ന് നോക്കിയാൽ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ഭർത്താവ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി വർക്കലയിലേക്ക് പോയി. ഇതു ആദം പണി നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടു. ഞായറാഴ്ചയായതിനാൽ പണിയും ഉണ്ടായിരുന്നില്ല. ഇതിനുശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിലെത്തി. ഒന്നേകാലോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം

മൃതദേഹം കിണറ്റിൽ തള്ളിയ ശേഷം തൊട്ടടുത്തുള്ള താമസ സ്ഥലത്തെത്തിയ ഇയാൾ ഒപ്പം താമസിച്ചിരുന്നവരോട് ‘അവർക്ക് ഞാൻ നാലഞ്ച് അടി കൊടുത്തു’ എന്ന് പറഞ്ഞതായി പൊലീസ് പറയുന്നു. ഇതിനിടെ സ്വന്തം മൊബൈൽ ഫോൺ തറയിൽ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു

ഒപ്പും താമസിച്ചിരുന്ന ഒരാളുടെ ഫോൺ വാങ്ങി സുഹൃത്തുക്കളായ മറ്റു രണ്ടു പേരെ വിളിച്ച് ഫോൺ വേണമെന്ന് ആവശ്യപ്പെട്ട ആദം ഇവർ എത്തും മുൻപ് സ്ഥലം കാലിയാക്കി. ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ ഫോൺ തകർത്ത വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവർ ആദം ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരുകൾ പൊലീസിനു കൈമാറിയെങ്കിലും എല്ലാം സേവനം നിലച്ചവ ആയിരുന്നു.

സ്വർണം മോഷ്ടിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാലയും വളകളുമടക്കം ആറുപവനോളം ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. അടുക്കളയിൽവെച്ച് മനോരമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികിൽ എത്തിക്കുകയായിരുന്നു. ആറടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത വീടിന്റെ സൺഷേഡിൽ ഇറങ്ങിനിന്ന് മൃതദേഹം വളപ്പിലിട്ടു. പിന്നീട് വലിച്ചിഴച്ച് കിണറ്റിലിടുകയായിരുന്നു. ശേഷം കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ‍ നിന്നാണ് പ്രതിയെ പിടികൂടിയത്.