ബാഡ്ജ് ധരിച്ചത് വസ്ത്രത്തിന്റെ ഭാഗം, തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ അത് ചെയ്യട്ടെയെന്ന് കെകെ രമ

സത്യപ്രതിജ്ഞാദിനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ചത് വസ്ത്രത്തിന്റെ ഭാഗമായിട്ടുളളതാണെന്ന് ആര്‍എംപി എംഎല്‍എ കെ.കെ രമ. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചവരാണ് താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിക്കുന്നതെന്നും രമ പറഞ്ഞു. പെരുമാറ്റ ചട്ടലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു രമ.

ഇതിലും വലുത് പ്രതീക്ഷിച്ചതാണ്. സത്യപ്രതിജ്ഞാ ചടങ്ങളില്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല. എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ബാഡ്ജ് ധരിച്ച് എത്തിയത്. സ്പീക്കര്‍ വിശദമായി പരിശോധിക്കട്ടെ. എന്നിട്ട് തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ അത് ചെയ്യട്ടെ. ആദ്യം മുതല്‍ക്ക് തന്നെ ഇവര്‍ തന്റെ പുറകെയാണെന്നും രമ പറഞ്ഞു.

ബാഡ്ജ് ധരിച്ചെത്തിയത് പെരുമാറ്റചട്ട ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു രമയുടെ പ്രതികരണം. ഇന്നലെയാണ് രമയ്ക്കെതിരെ പെരുമാറ്റ ചട്ട ലംഘനത്തിന് ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നിയമസഭയ്ക്കുളളില്‍ യാതൊരു വിധത്തിലുമുളള ബാഡ്ജുകള്‍ ധരിക്കുവാനോ പ്രദര്‍ശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി.