കൊച്ചി മെട്രോ ജീവനക്കാരന്‍ പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കൊച്ചി. കോതമംഗലത്തിന് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാട ടോണി ജോണാണ് മരിച്ചത്. കണ്ണൂര്‍ ഏഴിമല സ്വദേശിയാണ്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഞായറാഴ്ച വൈകിട്ട് 3.15 ഓടെയാണ് അപകടം സംഭവിച്ചത്.

കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രയ്ക്ക് എത്തിയത്. സുഹൃത്തുക്കളോട് ഒത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. പുഴയില്‍ താഴ്ചയുള്ള ഭാഗത്താണ് അപകടം ഉണ്ടായത്.

അഗ്നി രക്ഷാസേനയും സ്‌കൂബ ടീമും രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തി. കാണാതായ ഭാഗത്ത് നിന്നും അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും വൈകുന്നേരം മൃതദേഹം കണ്ടെത്തുകയായിരുന്നു.