പാര്‍ട്ടി അധികാര കേന്ദ്രമാവരുത്, ജനപിന്തുണ നഷ്ടമാക്കുന്ന പ്രവര്‍ത്തനം വേണ്ട; കോടിയേരി

പാര്‍ട്ടി അധികാരകേന്ദ്രമായി പ്രവര്‍ത്തിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍​. പാര്‍ട്ടി അം​ഗങ്ങള്‍ അക്രമ സംഭവങ്ങളില്‍ പങ്കാളിയാവരുതെന്നും ബഹുജന പിന്തുണ നഷ്ടമാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഇടപെടരുതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോ​ഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി.

ജനങ്ങളോട്​ സ്​നേഹത്തോടെ ഇടപെടാന്‍ പാര്‍ട്ടി അം​ഗങ്ങള്‍ക്കും നേതാക്കള്‍ക്കും കഴിയണം.സമാധാനം സ്ഥാപിക്കുന്നതിനാണ്​ പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്​. നിലവിലെ സംഘടനാ സംവിധാനത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്നു കോടിയേരി പറഞ്ഞു.

കേരളത്തില്‍ വര്‍​ഗീയത ശക്തിപ്പെടുകയാണ്. ഭൂരിപക്ഷ വര്‍​ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വര്‍​ഗീതയും വളരുന്നുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഫാസിസ്​റ്റ്​ രീതിയിലാണ്​ പ്രവര്‍ത്തിക്കുന്നത്​. ദേശീയതലത്തില്‍ വലതുപക്ഷ കക്ഷികള്‍ക്കാണ്​ മേല്‍ക്കൈ ലഭിക്കുന്നത്​. സംസ്ഥാനത്തും കടന്നു കയറാന്‍ വലതുപക്ഷ കക്ഷികള്‍ ശ്രമം നടത്തുകയാണ്.

സിപിഎമ്മിന്റെ ബഹുജന പിന്തുണയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതിനു പല ​കാരണങ്ങളുണ്ട്. ഈ പിന്തുണ തിരിച്ചുപിടിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. മറ്റ് ഇടതു കക്ഷികളും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തണമെന്ന് കോടിയേരി പറഞ്ഞു.

സിപിഎം വിശ്വാസികള്‍ക്ക് എതിരല്ല. ക്ഷേത്രങ്ങളിലോ പള്ളിയിലോ പോവുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വിലക്കില്ല. അങ്ങനെയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ പണ്ടു മുതലേ ശ്രമിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ ഒരു വിഭാ​ഗം വിശ്വാസികളെ പാര്‍ട്ടിക്ക് എതിരാക്കാന്‍ എതിരാളികളുടെ പ്രവര്‍ത്തനത്തിനു കഴിഞ്ഞു. ശബരിമലയില്‍ പുരോ​ഗമന സ്വാഭാവമുള്ള ഒരു പാര്‍ട്ടിക്കു സ്വീകരിക്കാവുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അവിടേക്കു സ്ത്രീകളെ കൊണ്ടുപോവാനോ അവിടെ വരുന്ന സ്ത്രീകളെ തടയാനോ സിപിഎം ഇല്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

തുടര്‍ച്ചയായ രണ്ടു പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇതിനു സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നടപടി സ്വീകരിക്കും. മണലും കരിങ്കല്ലും ഉപയോ​ഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മറ്റു മാര്‍​ഗങ്ങള്‍ കണ്ടെത്തണം. സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മാതൃകയാവണം. പാര്‍ട്ടിയുടെ നിര്‍മാണങ്ങളും ഇതേ രീതിയില്‍ ആവണമെന്ന് കോടിയേരി പറഞ്ഞു.