സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ഈ മാസം 16 വരെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിലവിൽ വന്നു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കാൻ പോലീസ് കർശന പരിശോധന നടത്തുന്നുണ്ട്. പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തിൽ സത്യവാങ്മൂലവും കരുതിയിരിക്കണം.

ഹോട്ടലുകൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ നൽകാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകൾക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല. അടിയന്തര ഘട്ടത്തിൽ മരുന്ന് ഉൾപ്പെടെ ജീവൻ രക്ഷാ ഉപാധികൾക്കായി പൊലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഇടപാടുകൾ രാവിലെ 10 മണി മുതൽ രണ്ടുവരെയാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകൾ നടത്തുന്നവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 14 ദിവസം ക്വാറന്റീനിൽ കഴിയണം.